ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി യുവതാരം പൃഥ്വി ഷാ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിലായിരുന്ന മുംബൈ താരത്തിന്റെ തിരിച്ചുവരവ്. മുംബൈയും അസമും തമ്മിലായിരുന്നു കളി. 39 പന്തുകളില്‍നിന്നു 63 റണ്‍സാണ് ഓപ്പണര്‍ അടിച്ചു കൂട്ടിയത്. ഇതില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും. ഓപ്പണിങ് പങ്കാളി ആദിത്യ താരെ യുമൊത്ത് മികച്ച കൂട്ടുകെട്ടാണ് ഷാ പടുത്തുയര്‍ത്തിയത്. ഇതിന്റെ ബലത്തില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 206 റണ്‍സ് നേടി.

ഷായും താരെയും വെടിക്കെട്ട് പ്രകടനമാണ് തുടക്കത്തിലേ നടത്തിയത്. 138 റണ്‍സാണ് ഇരുവും ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 48 പന്തില്‍ 82 റണ്‍സുമായി നിന്ന താരെയെ റിയാന്‍ പരാഗ് പുറത്താക്കിയതോടെ കൂട്ടുകെട്ട് തകര്‍ന്നു. പതിയെത്തുടങ്ങി പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുന്ന ശൈലിയാണ് ഷാ പുറത്തെടുത്തത്. 32 പന്തുകളിലാണ് താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഷാ തന്റെ ബാറ്റുയര്‍ത്തിക്കാണിക്കുന്നതിനൊപ്പം കൈ കൊണ്ട് സംസാരിക്കുന്നു എന്നര്‍ത്ഥം വരുന്ന ആംഗ്യവും കാണിച്ചു. ഷായെയും പുറത്താക്കിയത് പരാഗായിരുന്നു. നേരത്തെ ടൂര്‍ണമെന്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ ഷാ താന്‍ ശക്തമായി തിരികെ വരുമെന്ന് വാക്ക് നല്‍കിയിരുന്നു. ആ വാക്കാണ് താരം പാലിച്ചത്.

ഉത്തേജ മരുന്ന് ടെസ്റ്റില്‍ പരാജയപ്പെട്ട ഷായെ എട്ട് മാസത്തേക്ക് ബിസിസിഐ വിലക്കുകയായിരുന്നു. മാര്‍ച്ചില്‍ നടന്ന മുഷ്താഖ് അലി ട്രോഫിയിലായിരുന്നു സംഭവം. തന്റെ 20-ാം ജന്മദിനത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പൃഥ്വി ഷാ 2.0 യുടെ വരവാണ് ഇനിയെന്ന് പറിഞ്ഞിരുന്നു ഷാ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook