ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ യുവതാരം പൃഥ്വി ഷാ കളിക്കില്ല. ടെസ്റ്റിനു മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ ഷായ്ക്ക് പരുക്കേറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഫീൽഡിങ്ങിനിടെ ഓസ്ട്രേലിയൻ ഓപ്പണർ മാക്സ് ബ്രെയ്ന്റിന്റെ ക്യാച്ചെടുക്കാനുളള ശ്രമത്തിനിടെയാണ് ഷായുടെ ഇടതു കണങ്കാലിന് പരുക്കേറ്റത്.
മെഡിക്കൽ സംഘം ഉടനെത്തി ഷായ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. നടക്കാൻ സാധിക്കാത്തതിനാൽ ഷായെ എടുത്തുകൊണ്ടാണ് മെഡിക്കൽ സംഘം പോയത്. അപ്പോൾ തന്നെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഷായ്ക്ക് കളിക്കാനാവുമോ എന്ന സംശയം ഉയർന്നിരുന്നു.
സ്കാനിങ്ങിൽ ഷായുടെ കാലിന് പരുക്കുളളതായി കണ്ടെത്തിയെന്നും അതിനാൽ അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഷായ്ക്ക് കളിക്കാനാവില്ലെന്നും ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഷായ്ക്ക് വിശ്രമം ആവശ്യമാണെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
UPDATE – Prithvi Shaw ruled out of First Test against Australia in Adelaide. https://t.co/bOB8e6Ijrv
— BCCI (@BCCI) November 30, 2018
പരിശീലന മത്സരത്തിൽ ഷായുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. 69 പന്തിൽ നിന്നും 66 റൺസ് നേടിയ പൃഥ്വി ഷാ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. നായകൻ വിരാട് കോഹ്‍ലി 64 റൺസും മൂന്നാമനായി ഇറങ്ങിയ ചേതേശ്വർ പൂജാര 54 റൺസും നേടിയപ്പോൾ അജിങ്ക്യ രഹാനെ 56 റൺസെടുത്ത ശേഷം റിട്ടേട് ഔട്ടായി. മറ്റൊരു യുവതാരം ഹനുമ വിഹാരി 53 റൺസും നേടി.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 6ന് ഓവലിൽ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബർ 14ന് പെർത്തിലാണ്. ഡിസംബർ 26ന് മെൽബണിൽ മൂന്നാം ടെസ്റ്റും, പുതുവർഷത്തിൽ ജനുവരി മൂന്നിന് ഡിഡ്നിയിൽ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.
കഴിഞ്ഞ ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിന് എതിരായ മത്സരത്തിലായിരുന്നു 19 കാരനായ ഷായുടെ അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി അടിച്ചാണ് ഷാ ചരിത്രം കുറിച്ചത്.