scorecardresearch

അക്കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, കൂടുതൽ കരുത്തോടെ തിരിച്ചുവരും: പൃഥ്വി ഷാ

മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ

അക്കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, കൂടുതൽ കരുത്തോടെ തിരിച്ചുവരും: പൃഥ്വി ഷാ

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതോടെ ഇന്ത്യൻ യുവതാരം പൃഥ്വി ഷായെ ബിസിസിഐ സസ്പെൻഡ് ചെയ്തു. നവംബര്‍ 15 വരെയാണ് താരത്തിന് ബിസിസിഐ സസ്‌പെന്‍ഷന്‍ നല്‍കിയത്. കഫ് സിറപ്പിൽ അടങ്ങിയിരിക്കുന്ന നിരോധിത പദാർഥമാണ് ഷാ ഉപയോഗിച്ചതെന്നാണ് ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നത്.

എന്നാൽ ഉത്തേജക മരുന്നല്ല ചുമയ്ക്കുള്ള മരുന്നാണ് തനിക്ക് വിനയായതെന്ന വിശദീകരണമാണ് പൃഥ്വി ഷാ നൽകിയത്. സസ്‌പെൻഷന് പിന്നാലെ തന്റെ വാദം വ്യക്തമാക്കി ട്വിറ്ററിൽ കുറിപ്പിട്ടിരിക്കുകയാണ് പൃഥ്വി ഷാ.

“ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ കാലിനേറ്റ പരുക്കിൽ നിന്നും മുക്തനായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. സെയ്ദ് മുഷ്തഖലി ടൂർണമെന്റിനിടയിൽ ചുമയും പനിയും പിടിപെട്ടപ്പോഴാണ് കഫ് സിറപ്പ് കഴിച്ചത്. അപ്പോൾ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രോട്ടോകോളുകൾ ഒന്നും ശ്രദ്ധിച്ചില്ല. എല്ലാ ആത്മാർഥതയോടുകൂടിയും എന്റെ വിധി ഞാൻ അംഗീകരിക്കുന്നു.” പൃഥ്വി ഷാ ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ കരുത്തോടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരും. മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

താരത്തിന്റെ വിശദീകരണം ബിസിസിഐ പരിഗണിച്ചിട്ടുണ്ട്. തെളിവുകളും നിയമവും കണക്കിലെടുത്താണ് താരത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. മാര്‍ച്ച് 16 മുതല്‍ നവംബര്‍ വരെയാണ് വിലക്ക്. താരത്തിന്റെ ഇതുവരെയുള്ള റിസള്‍ട്ടുകളേയും നടപടി ബാധിക്കും. പൃഥ്വി ഷായെ കൂടാതെ രണ്ട് താരങ്ങളെ കൂടി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ താരം ദിവ്യ ഗജരാജ്, വിദര്‍ഭയുടെ അക്ഷയ് ദുല്ലാര്‍വര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരും യഥാക്രം ആറ് മാസത്തേക്കും എട്ട് മാസത്തേക്കുമാണ് സസ്‌പെൻഡ് ചെയ്തത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Prithvi shah says he will be back to cricket strongly