ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് കിങ്സ് ഇലവന്‍. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോം തുടരുന്ന പഞ്ചാബ് ടീം പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. ആറ് വിജയങ്ങളും മൂന്ന് തോല്‍വികളുമാണ് ടീം ഇതുവരെ നേടിയത്.

ഐപിഎല്‍ സീസണ്‍ ആരംഭിക്കും മുമ്പ് തന്നെ രണ്ടും കല്‍പ്പിച്ചിറങ്ങിയ പ്രീതി സിന്റയും സംഘവും പണം വാരിയെറിഞ്ഞ് കെ.എല്‍.രാഹുലിനെയും കരുണ്‍ നായരെയും ക്രിസ് ഗെയിലിനേയുമെല്ലാം ടീമിലെത്തിക്കുകയായിരുന്നു. അഫ്ഗാന്‍ താരം മുജീവ് റഹ്മാനേയും ടീമിലെത്തിച്ചു. കൂട്ടിന് ആന്‍ഡ്രു ടൈയും അങ്കിത് രജ്പുതും. തീരുമാനങ്ങളെല്ലാം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇതുവരെയുള്ള ടീമിന്റെ പ്രകടനവും.

ഇതിനിടെ ടീമിന്റെ ഹോം ഗ്രൗണ്ട് മൊഹാലിയില്‍ നിന്നും ഇന്‍ഡോറിലേക്ക് മാറ്റുകയും ചെയ്തു. ഇന്‍ഡോറിലെത്തിയതോടെ പ്രശസ്തമായ ഖാജ്‌റാണ മന്ദിറിലെത്തി പ്രാര്‍ത്ഥിക്കാനായിരുന്നു പ്രീതിയുടെ തീരുമാനം. നഗരത്തില്‍ തന്നെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗണപതിയാണ്. ഇന്ത്യന്‍ ടീം താരം അജിങ്ക്യ രഹാനെ ഈ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനാണ്.

ബോളിവുഡ് താരമായതിനാല്‍ ആളുകള്‍ തന്നെ പൊടുന്നനെ തിരിച്ചറിയും എന്നതിനാല്‍ മുഖം മറച്ചായിരുന്നു പ്രീതി അമ്പലത്തിലെത്തിയത്. എന്നാല്‍ പ്രീതിയെ ക്ഷേത്രത്തിലെത്തിയവരും അമ്പലത്തിലെ പൂജാരിയുമെല്ലാം തിരിച്ചറിഞ്ഞു. അതുമാത്രമല്ല, പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുന്ന പ്രീതിയുടെ വീഡിയോ പൂജാരി തന്നെ ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിടുകയും ചെയ്തു.

പ്രാര്‍ത്ഥനക്കിടെ തന്നെ തിരിച്ചറിഞ്ഞവരോട് ബഹളമുണ്ടാക്കരുതെന്ന് ആംഗ്യം കാണിക്കുന്ന പ്രീതിയേയും വീഡിയോയില്‍ കാണാം. അതേസമയം, രാജസ്ഥാനെതിരെ ആറ് വിക്കറ്റിന് പഞ്ചാബ് ജയിച്ചു. രാജസ്ഥാന്റെ 152 റണ്‍സ് പഞ്ചാബ് അനായാസം മറികടക്കുകയായിരുന്നു. പഞ്ചാബിന്റെ ആറാമത്തെ വിജയമാണിത്. 54 പന്തില്‍ നിന്നും 84 റണ്‍സെടുത്ത കെ.എല്‍.രാഹുലാണ് പഞ്ചാബിന്റെ വിജയശില്‍പ്പി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook