ഐപിഎല്ലിലെ മോശം പ്രകടനത്തിന് മാപ്പ് ചോദിച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റ. ട്വിറ്ററിലൂടെയായിരുന്നു താരം മാപ്പ് ചോദിച്ചത്.

‘ആദ്യത്തെ ആറ് കളിയില്‍ അഞ്ച് ജയിച്ച ഒരു ടീം ഇങ്ങനെ ഐപിഎല്‍ അവസാനിപ്പിക്കുമെന്ന് ആരാണ് ഓര്‍ത്തത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പറ്റാത്തതില്‍ ആരാധകരോടും മറ്റും ഞാന്‍ മാപ്പ് ചോദിക്കുന്നു. അടുത്ത വര്‍ഷം നിങ്ങളെ നിരാശപ്പെടില്ല,” എന്നായിരുന്നു പ്രീതിയുടെ ട്വീറ്റ്.

ഇന്നലെ ചെന്നൈയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന് തോറ്റതോടെ ടീം പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഇതോടെയാണ് പ്രീതി ആരാധകരോട് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. അതേസമയം, മത്സരത്തിനിടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായതില്‍ സന്തോഷിക്കുന്ന പ്രീതിയുടെ വീഡിയോയും വൈറലായിട്ടുണ്ട്.

മത്സരത്തിനിടെ പ്രീതി സിന്റയുടെ ചുണ്ടനക്കം നോക്കിയാണ്, മുംബൈ തോറ്റ് പുറത്തായതില്‍ താന്‍ സന്തോഷിക്കുന്നുവെന്ന് അവര്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയ അനുമാനിച്ചിരിക്കുന്നത്. ഏതാണ്ടിതേ വാചകമാണ് പ്രീതി പറയുന്നതെന്ന് ചുണ്ടനക്കം ശ്രദ്ധിച്ച് നോക്കിയാല്‍ തോന്നാം.

”ഐയാം ജസ്റ്റ് വെരി ഹാപ്പി ദാറ്റ് മുംബൈ ഈസ് നോട് ഗോയിംഗ് ടു ദി ഫൈനല്‍സ്, റിയലി വെരി ഹാപ്പി,” എന്നാണ് പ്രീതി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് പറയുന്നത്. കിംഗ്സ് ഇലവന്‍ ഉടമ പറഞ്ഞത് എന്താണെന്ന് സ്ഥിരീകരിക്കാന്‍ ഐഇ മലയാളത്തിന് സാധിച്ചിട്ടില്ല. ജോ എന്ന പേരിലുളള ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ