ലണ്ടൻ:  ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ബോക്സിങ് ഡേയിൽ​ മുൻനിര ടീമുകൾക്ക് ജയം. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ വിജയക്കുതിപ്പ് തുടരുമ്പോൾ ആദ്യ നാലിൽ​ ഇടംപിടിക്കാനായി ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകൾ കടുത്ത പോരാട്ടത്തിലാണ്.

ഇന്നലെ നടന്ന മത്സരങ്ങളിൽ അപരാജിത കുതിപ്പ് തുടരുന്ന ലിവർപൂൾ പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഏറ്റുമുട്ടിയ മത്സരം പൊടിപാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചെമ്പടയ്ക്ക് മുന്നിൽ ലെസ്റ്റർ കളിമറക്കുകയായിരുന്നു.

റോബർട്ടോ ഫിർമീഞ്ഞോയുടെ ഇരട്ട ഗോൾ നേടിയപ്പോൾ, ജയിംസ് മിൽനർ, അലക്സാണ്ടർ അർണോൾഡ് എന്നിവരും ലിവർപൂളിനായി ഗോൾ​ നേടി. ജയത്തോടെ പോയിന്റ് പട്ടികയിൽ 13 പോയിന്റ് ലീഡുമായി കിരീടപോരാട്ടത്തിൽ ഏറെ മുന്നിലെത്താനും ക്ലോപ്പിന്റെ ടീമിനായി.

മറ്റൊരു മത്സരത്തിൽ ഫോമില്ലാതെ വലയുന്ന ടോട്ടനം ഹോട്സ്പർ ബ്രൈറ്റനെ ഒന്നിനെതിരെ രണ്ട് ഗോളിന്  കീഴടക്കി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ പോയെങ്കിലും രണ്ടാം പകുതിയിൽ നായകൻ ഹാരി കെയിനും ഡെലി അലിയും ടീമിന്റെ രക്ഷകനാവുകയായിരുന്നു. ജയത്തോടെ അഞ്ചാം സ്ഥാനം നിലനിർത്താനും ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് അടുക്കാനും ടോട്ടനത്തിനായി.

Read Also: രണ്ട് കൈകൊണ്ടും പന്തെറിഞ്ഞു; തമിഴ്‌നാട് പ്രീമിയർ ലീഗിൽ അമ്പരപ്പിച്ച് കൗമാരതാരം

അതേസമയം ഒലേ ഗണ്ണർ സോൾഷ്യറിനു കീഴിൽ താളം കണ്ടെത്താതെ വിഷമിക്കുന്ന മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും സ്വന്തംതട്ടകത്തിൽ​​ ആധികാരിക ജയത്തോടെ ഈ വർഷം അവസാനിപ്പിച്ചു. ന്യൂകാസിലിനെതിരെ 4-1 എന്ന സ്കോറിനാണ് ചുവന്ന ചെകുത്താൻമാർ വിജയം ആഘോഷിച്ചത്.

ചെൽസിയെ അവരുടെ സ്വന്തം മൈതാനത്ത് അട്ടിമറിച്ചാണ് സതാംപ്ടൺ ഞെട്ടിച്ചത്. ഈ സീസൺ ആദ്യം ചുമതലയേറ്റ പരിശീലകൻ ലംപാർഡിന്റെ കീഴിൽ മികച്ച ഫോമിലാണ് ചെൽസി കുതിക്കുന്നത്. എന്നാൽ ഇന്നലെത്തെ തോൽവിയോടെ ടീമിന്റെ നാലാം സ്ഥാനം പരുങ്ങലിലായി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് നീലപ്പടയെ സതാംപ്ടൺ അട്ടിമറിച്ചത്. ജയത്തോടെ 21 പോയിന്റുമായി 14-ാം സ്ഥാനത്തേക്ക് കയറാനും തരംതാഴ്ത്തൽ ഭീഷണിയിൽനിന്നു തൽക്കാലത്തേക്ക് കരകയറാനും ടീമിനായി.

മറ്റ് മത്സരങ്ങളിൽ ആഴ്സണലും ബോൺമൌത്തും സമനിലയിൽ പിരിഞ്ഞപ്പോൾ പുതിയ പരിശീലകൻ കാർലോ അഞ്ചലോട്ടിയുടെ കീഴിൽ ഇറങ്ങിയ എവർട്ടൺ ബേൺലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook