ഓള്‍ഡ് ട്രാഫോര്‍ഡ്: പ്രീമിയർ ലീഗിൽ അടിതെറ്റി കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീൽഡ് യുണൈറ്റഡാണ് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഷെഫീൽഡിന്റെ ജയം.
മത്സരത്തിന്റെ 76 ശതമാനം സമയവും പന്ത് കൈവശംവച്ച മാഞ്ചസ്റ്ററിനെതിരെ കിട്ടിയ അവസരം മുതലാക്കിയായിരുന്നു ഷെഫീൽഡ് ജയം കണ്ടെത്തിയത്. തുടക്കം മുതൽ മത്സരത്തിന്റെ പൂർണ ആധിപത്യം നേടിയ മാഞ്ചസ്റ്ററിനെ 23-ാം മിനിറ്റിൽ തന്നെ ഷെഫീൽഡ് ഞെട്ടിച്ചു. കീൻ ബ്രയാനിലൂടെ സന്ദർശകർ മുന്നിലെത്തി.
Read More: ഒന്നും മാറുന്നില്ല, വിരാട് തന്നെയായിരിക്കും ടെസ്റ്റ് ക്യാപ്‌റ്റൻ; രഹാനെ
ഗോൾ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഷെഫീൽഡ് മാഞ്ചസ്റ്ററിനെ മുന്നേറ്റങ്ങളെ ഫലപ്രദമായി നേരിട്ടു. ആദ്യ പകുതിയിൽ തന്നെ ഒപ്പമെത്താനുള്ള മാഞ്ചസ്റ്ററിന്റെ നീക്കം ലക്ഷ്യം കണ്ടില്ല. ഇതോടെ ആദ്യ പകുതിയിൽ ഷെഫീൽഡ് മുന്നിൽ. രണ്ടാം പകുതിയിലും ഷെഫീൽഡ് പ്രതിരോധം മാഞ്ചസ്റ്ററിന് വെല്ലുവിളിയായെങ്കിലും 64-ാം മിനിറ്റിൽ ഹാരി മഗ്വെയ്ർ ആതിഥേയരെ ഒപ്പമെത്തിച്ചു.
പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ വീണ്ടും ലീഡെടുത്ത ഷെഫീൽഡ് ഒരിക്കൽകൂടി മാഞ്ചസ്റ്ററിനെ ഞെട്ടിച്ചു. ഇത്തവണ ഒലിവർ ബൂർക്കാണ് ഷെഫീൽഡിനായി ഗോൾ കണ്ടെത്തിയത്. സീസണിൽ ഇതുവരെ കളിച്ച 20 മത്സരങ്ങളിൽ ഷെഫീൽഡ് നേടുന്ന രണ്ടാമത്തെ മാത്രം ജയമാണിത്.