കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിശ്ചലമായ മൈതാനങ്ങൾ വീണ്ടും സജീവമാകുകയാണ്. യൂറോപ്പിലെ പ്രമുഖ ലീഗുകളിലൊന്നായ ബുണ്ടസ്‌ലിഗ പുനരാരംഭിച്ചതിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഉടൻ തന്നെ പന്തുരുളുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇന്ന് മുതൽ ടീമുകൾ വീണ്ടും പരിശീലനത്തിനിറങ്ങുന്നുണ്ട്.

സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായും വരും ദിവസങ്ങളിൽ ടീമുകൾ പരിശീലനം നടത്തും. തിങ്കളാഴ്ച 20 ടീമുകളുമായും ലീഗ് കോൺഫറൻസ് ചേർന്നിരുന്നു. അതേസമയം, എന്ന് മുതൽ മത്സരങ്ങൾ ആരംഭിക്കാമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ലീഗ് പുനരാരംഭിക്കുന്നതിന്റെ ആദ്യ ചുവട് വയ്പ്പ് എന്ന നിലയിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.

Also Read: ഞാൻ പൊട്ടിക്കരഞ്ഞു, ഹൃദയം തകർന്നു; വെളിപ്പെടുത്തലുമായി കോഹ്‌ലി

കോവിഡ് വ്യാപനത്തിൽ വീണ്ടും വർധനവുണ്ടായിട്ടില്ലെങ്കിൽ രാജ്യത്തെ കായിക മത്സരങ്ങൾ അടുത്തമാസത്തോടെ പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ നടത്തുക. കുറച്ച് കാലം കഴിഞ്ഞാൽ മാത്രമേ സ്റ്റേഡിയങ്ങളിൽ കാണികളെ അനുവദിക്കൂവെന്നും ബ്രിട്ടിഷ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

ജൂൺ 12ന് മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ സജീവമാണ്. മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഇംഗ്ലണ്ടിലെ കായിക മത്സരങ്ങൾ നിർത്തിവച്ചത്. രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് കായിക മത്സരങ്ങൾക്ക് അനുമതി നൽകുക. സാംസ്കാരിക പരിപാടികളും കായിക മത്സരങ്ങളും അടച്ചിട്ട് സംഘടിപ്പിക്കുന്നതിനാണ് രണ്ടാംഘട്ട ഇളവിൽ അനുമതി നൽകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook