ഇംഗ്ലണ്ടിൽ കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് നിർത്തിവച്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ അടക്കമുള്ള കായിക മത്സരങ്ങൾ അടുത്തമാസത്തോടെ പുനരാരംഭിച്ചേക്കും. കോവിഡ് വ്യാപനത്തിൽ വീണ്ടും വർധനവുണ്ടായിട്ടില്ലെങ്കിൽ രാജ്യത്തെ കായിക മത്സരങ്ങൾ അടുത്തമാസത്തോടെ പുനരാരംഭിക്കുമെന്ന് ബ്രിട്ടിഷ് സർക്കാർ അറിയിച്ചു. അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ നടത്തുക. കുറച്ച് കാലം കഴിഞ്ഞാൽ മാത്രമേ സ്റ്റേഡിയങ്ങളിൽ കാണികളെ അനുവദിക്കൂ എന്നും ബ്രിട്ടിഷ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
ജൂണിൽ പ്രീമിയർ ലീഗ് പുനരാരംഭിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുയർന്നിരുന്നു. ജൂൺ എട്ടിന് ഇപിഎൽ മത്സരങ്ങൾ ആരംഭിക്കുമെന്നും അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങളെന്നുമായിരുന്നു റിപോർട്ടുകൾ. എന്നാൽ ഇത്തരം റിപോർട്ടുകൾ ബ്രിട്ടിഷ് സർക്കാർ തള്ളിക്കളഞ്ഞിരുന്നു.
മത്സരം പുനരാരംഭിക്കുന്നത് സംബന്ധിച്ച് പ്രീമിയർ ലീഗ് അധികൃതരും ലീഗിലെ ക്ലബ്ബുകളുടെ പ്രതിനിധികളും വീഡിയോ കോൺഫറൻസ് വഴി ചർച്ചയ്ക്കുള്ള നടപടികൾ ആരംഭിച്ചിരുന്നു. ജൂണിൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രീമിയർ ലീഗ് അധികൃതരുടെ ശ്രമങ്ങൾക്ക് സർക്കാരിന്റെ പുതിയ പ്രഖ്യാപനം സഹായകമാവും.
മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഇംഗ്ലണ്ടിലെ കായിക മത്സരങ്ങൾ നിർത്തിവച്ചത്. രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് കായിക മത്സരങ്ങൾക്ക് അനുമതി നൽകുക. സാംസ്കാരിക പരിപാടികളും കായിക മത്സരങ്ങളും അടച്ചിട്ട് സംഘടിപ്പിക്കുന്നതിനാണ് രണ്ടാംഘട്ട ഇളവിൽ അനുമതി നൽകുക.
ജൂൺ ഒന്നിന് ശേഷം രണ്ടാംഘട്ട ഇളവുകൾ ആരംഭിക്കാനാണ് തീരുമാനമെന്ന് ബ്രിട്ടിഷ് സർക്കാർ ഇത് സംബന്ധിച്ച് പുറത്തുവിട്ട മാർഗനിർദേശങ്ങളിൽ പറയുന്നു. കോവിഡ് വ്യാപനം കാര്യമായി കുറഞ്ഞ്, കുറച്ച് കാലം കഴിഞ്ഞ് മാത്രമേ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കൂ എന്നും സർക്കാരിന്റെ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.