ഐപിഎൽ താരലേലത്തിൽ പണം വാരിയെറിഞ്ഞിട്ടും പല ടീമുകൾക്കും തങ്ങളുടെ മികച്ച കളിക്കാരെ നിലനിർത്താൻ കഴിഞ്ഞില്ല. മൂന്നു തവണ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസിന് ഹർഭജൻ സിങ്ങിനെ നിലനിർത്താൻ കഴിയാത്തതിൽ ടീം ഉടമ നിത അംബാനി നിരാശ പ്രകടിപ്പിച്ചിരുന്നു. അതുപോലെ കിങ്സ് ഇലവൻ പഞ്ചാബിന്റെ സഹ ഉടമ പ്രീതി സിന്റ ഒരു യുവതാരത്തെ തന്റെ ടീമിൽ നിലനിർത്താൻ കഴിയാത്തതിൽ വളരെ നിരാശയിലാണ്.

ലേലത്തിൽ പല പ്രമുഖ താരങ്ങളെയും പ്രീതിയുടെ ടീം സ്വന്തമാക്കിയിരുന്നു. ആരോൺ ഫിഞ്ച്, ഡേവിഡ് മില്ലർ, ക്രിസ് ഗെയ്‌ൽ, അശ്വിൻ തുടങ്ങി പല പ്രമുഖ താരങ്ങളെയും പണം വാരിയെറിഞ്ഞാണ് കിങ്സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ചത്. ആരെയൊക്കെ ടീമിൽ എത്തിച്ചിട്ടും ഒരാളെ മാത്രം വിട്ടുകളഞ്ഞതിൽ പ്രീതിക്ക് സങ്കടം സഹിക്കാനായിട്ടില്ല. പഞ്ചാബ് ടീമിൽ നിര്‍ണ്ണായക സാന്നിധ്യമായിരുന്ന യുവതാരം സന്ദീപ് ശര്‍മ്മയെ നഷ്ടപ്പെടുത്തിയതിലാണ് പ്രീതിക്ക് സങ്കടം.

”സാൻഡിയെ (സന്ദീപ് ശർമ്മ) വിട്ടുകൊടുക്കേണ്ടി വന്നതിൽ വിഷമമുണ്ട്. ഹൃദയം തകരുന്ന വേദനയാണ് അതെനിക്ക് നൽകിയത്. അവനെ നഷ്ടപ്പെടുത്തിയതിൽ വേദയുണ്ടെങ്കിലും അവനുവേണ്ടി ലേലത്തിൽ കടുത്ത മൽസരം നടന്നതിൽ സന്തോഷമുണ്ട്. കിങ്സ് ഇലവൻ പഞ്ചാബിന് അവനെ നഷ്ടമായെങ്കിലും വിജയി അവനാണ്. സാൻഡിക്ക് എല്ലാവിധ ആശംസകളും” പ്രീതി പറഞ്ഞു.

സന്ദീപ് വർമ്മയെ 3 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് ആണ് വാങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook