ബെംഗളൂരു : ജയദേവ് ഉനദ്കടിനെ താരലേലത്തില്‍ നഷ്ടപ്പെട്ടതില്‍ വിഷമം മറച്ചുവെക്കാതെ കിങ്ങ്സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്‍റ. ജയദേവ് ഉനദ്കടിന് വേണ്ടി ലേലം വിളിക്കുമ്പോള്‍ താന്‍ പത്തൊമ്പതാം ഓവറില്‍ നില്‍ക്കുന്ന ബാറ്റ്സ്മാനെ പോലെയായിരുന്നു എന്നായിരുന്നു പ്രീതി സിന്‍റ പറഞ്ഞത്.

“ജയദേവ് ഉനദ്കടിനെ ഞങ്ങള്‍ക്ക് വേണമായിരുന്നു. പക്ഷെ എവിടെനിന്നില്ലാതെയാണ് രാജസ്ഥാന്‍ റോയല്‍സ് വന്നത്. പിന്നെയും അദ്ദേഹത്തിന് വേണ്ടി പോയിരുന്നു എങ്കില്‍ ഞങ്ങളുടെ ബജറ്റ് വളരെ കൂടിപ്പോയെനെ.” പ്രീതി സിന്‍റ പറഞ്ഞു.

എന്തിരുന്നാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ലേലത്തില്‍ താന്‍ പൂര്‍ണ തൃപ്തയാണ് അറിയിക്കുകയാണ് കിങ്ങ്സ് ഇലവന്‍ പഞ്ചാബ് ഉടമ . 21 പേരെ തിരഞ്ഞെടുത്ത പഞ്ചാബ് തികഞ്ഞൊരു ടീമായിരിക്കുകയാണ് എന്നാണ് പ്രീതി സിന്‍റ പറഞ്ഞത്.

” ഒടുവില്‍ നമുക്കൊരു തികഞ്ഞ കിങ്ങ്സ് ഇലവനെ ലഭിച്ചിരിക്കുന്നു. ആരാധകര്‍ സന്തുഷ്ടരാണ് എന്നതില്‍ ഞാനും സന്തുഷ്ടയാണ്. യുവരാജ് തിരിച്ചു വന്നതിലും ഗെയില്‍ എന്ന കൊടുംകാറ്റ് പഞ്ചാബില്‍ അടിക്കുന്നതിലും ഞാന്‍ ഏറെ സന്തുഷ്ടയാണ്” പ്രീതി സിന്‍റ പറഞ്ഞു.

എല്ലാ ടീമുകളും ലേലത്തില്‍ ഒന്നിലൊന്ന് മികച്ചു നിന്ന് എന്ന് പറഞ്ഞ പഞ്ചാബ് ടീമിന്റെ ഉടമ ഡല്‍ഹി ഡെയര്‍ഡെവില്‍സും സണ്‍ റൈസസ് ഹൈദരാബാദും ഒരുപടി മുന്നിലായിരുന്നു എന്നും അഭിപ്രായപ്പെട്ടു.

താരലേലത്തിന് ശേഷം തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ചും ബോളിവുഡ് താരം പ്രതികരിച്ചു. ” ലേലത്തിന്റെ ആദ്യ ദിനത്തിനുശേഷം ട്വിറ്ററില്‍ എന്നെ കളിയാക്കുകയായിരുന്നു ആളുകള്‍. അത്തരത്തിലാണ് ഞാന്‍ ലേലത്തില്‍ പങ്കെടുത്തത് ( ചിരിക്കുന്നു). പക്ഷെ ഞങ്ങള്‍ക്ക് വേണ്ട താരങ്ങളെയെല്ലാം സ്വന്തമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ബോളര്‍മാര്‍ക്ക് വേണ്ടി പണം ലാഭിക്കുകയും വേണമായിരുന്നു. അതും സാധിച്ചു എന്ന് മാത്രമല്ല. ക്രിസ് ഗെയിലിനേയും ഞങ്ങള്‍ സ്വന്തമാക്കി” കിങ്ങ്സ് ഇലവന്‍ പഞ്ചാബ് ഉടമ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ