കൊച്ചി: ഐഎസ്എൽ സീസണിന് മുന്നോടിയായി സംഘടിപ്പിക്കുന്ന പ്രഥമ യാരിസ് ലാ ലിഗ വേൾഡിന് കൊച്ചി വേദിയാവും. ലാലിഗ അംബാസിഡറും മുൻ സ്പാനിഷ് താരവുമായ ഫെർണാണ്ടോ മോറിന്റസാണ് കൊച്ചിയിൽ ടൂർണമെന്റ് പ്രഖ്യാപനം നടത്തിയത്.
ഐഎസ്എൽ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്, ലാ ലിഗയിലെ ജിറോണ എഫ്സി, ഓസ്ട്രലിയൻ ലീഗിലെ (എ ലീഗ്) മെൽബൺ സിറ്റി എഫ്സി എന്നീ ടീമുകളാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ജൂലൈ 24 മുതൽ 28 വരെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ. ടിക്കറ്റിന് 275 രൂപ മുതലാണ് വില. ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസമായ ജൂലൈ 24 ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മെൽബൺ സിറ്റി എഫ്സിയും തമ്മിലാണ് മൽസരം. വൈകിട്ട് ഏഴ് മണിക്കാണ് മൽസരം നടക്കുക.
പിന്നീട് ജൂലൈ 27 നാണ് രണ്ടാമത്തെ മൽസരം നടക്കുക. ഇതിൽ ജിറോണ സിറ്റി എഫ്സിയും മെൽബൺ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. അവസാന മൽസരം ജൂലൈ 28 ന് വൈകിട്ട് ഏഴ് മണിക്കാണ്. കേരള ബ്ലാസ്റ്റേഴ്സും ജിറോണ സിറ്റി എഫ്സിയും തമ്മിലാണ് ഈ മൽസരം.
ഇതാദ്യമായാണ് മെൽബൺ സിറ്റി എഫ്സിയും ജിറോണ സിറ്റി എഫ്സിയും ഇന്ത്യയിൽ ഇത്തരമൊരു ടൂർണമെന്റിനായി എത്തുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് പ്രീ സീസൺ ഒരു ടൂർണമെന്റായി നടത്തുന്നത്. പതിവായി ഐഎസ്എൽ ടീമുകൾ വിദേശ രാജ്യത്ത് പോയി അവിടുത്തെ ക്ലബുകളുമായി പരിശീലന മൽസരങ്ങളിൽ ഏർപ്പെടാറാണ് പതിവ്. ഇതിന് വിഭിന്നമാണ് ലാലിഗയുമായി കേരള ബ്ലാസ്റ്റേഴ്സ് എത്തിയ ധാരണ.
ഓസ്ട്രേലിയൻ ലീഗിലെ (എ ലീഗ്) നിലവിലെ മൂന്നാം സ്ഥാനക്കാരാണ് മെൽബൺ സിറ്റി എഫ്സി. ഇവർ വളരെ ഗൗരവത്തോടെയാണ് ടൂർണമെന്റിനെ കാണുന്നതെന്ന് വരുൺ ത്രിപുരനേനി പറഞ്ഞു. രണ്ടാഴ്ചയോളം ടൂർണമെന്റിനായി ക്ലബുകൾ കൊച്ചിയിൽ ചെലവഴിക്കും.