അടുത്തിടെ നടന്ന ഐ‌പി‌എൽ ലേലത്തിൽ കരാർ നേടിയ ഏറ്റവും പ്രായം കൂടിയ കളിക്കാരനായി പ്രവീൺ താംബെ മാറിയിരുന്നു. രണ്ടു തവണ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് നാൽപ്പത്തിയെട്ടുകാരനായ താരത്തെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്.

എന്നാൽ താരത്തിന് ഐപിഎല്ലിൽ കളിക്കാനായേക്കില്ലന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. താംബെയ്ക്കെതിരെ ബിസിസിഐ നടപടി സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

ടി 10 ലീഗിലെ പ്രാതിനിധ്യമാണ് താംബെയ്ക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. ബി‌സി‌സി‌ഐ മാർ‌ഗനിർ‌ദേശങ്ങൾ‌ പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ‌ക്ക് മറ്റ് ടി 10 അല്ലെങ്കിൽ‌ ടി 20 ലീഗുകളിൽ‌ പങ്കെടുക്കാൻ‌ അനുവാദമില്ല. അതിനാൽ താരത്തിനെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്.

ഐ‌പി‌എൽ ഗവേണിങ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. താരം കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ 2020 ഐപിഎല്ലില്‍  സീസണിൽ നിന്നും വിലക്കുകയും ചെയ്യും.

Read Also: IPL Auction 2020: കോടിപതികളും ലക്ഷപ്രഭുക്കളും; ഐപിഎൽ താരലേലത്തിൽ വിറ്റുപോയവർ ഇവർ

ബിസിസിഐ രജിസ്റ്റർ ചെയ്ത കളിക്കാരനാണെങ്കിൽ അവർക്ക് ഒരു ടി 20 അല്ലെങ്കിൽ ടി 10 ടൂർണമെന്റുകളിലും പങ്കെടുക്കാൻ കഴിയില്ലെന്ന് ചട്ടം വ്യക്തമാക്കുന്നു. കൗണ്ടി ക്രിക്കറ്റ് പോലുള്ള ഒരു ദിവസത്തെ, മൂന്ന് ദിവസത്തെ അല്ലെങ്കിൽ നാല് ദിവസത്തെ ക്രിക്കറ്റിൽ അല്ലെങ്കിൽ ബംഗ്ലാദേശിൽ മാത്രമേ താരങ്ങൾക്ക് കളിക്കാൻ സാധിക്കൂ. എന്നാൽ അതിനുള്ള അനുമതി സംസ്ഥാന അസോസിയേഷനിൽ നിന്നും ബിസിസിഐയിൽ നിന്നും എടുക്കേണ്ടതുണ്ട്. അതിനാൽ താംബെയുടെ ടി 10 പങ്കാളിത്തത്തെ കുറിച്ച് തങ്ങൾ​ അന്വേഷിച്ച് വരികയാണെന്നും ബ്രിജേഷ് പട്ടേൽ പറഞ്ഞു.

പ്രവീൺ താംബെ ഐ‌പി‌എല്ലിൽ രാജസ്ഥാൻ റോയൽ‌സ്, സൺ‌റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 38 മത്സരങ്ങളിൽനിന്ന് 28 വിക്കറ്റ് താരം സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook