ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ മേധാവി പ്രഫുല്‍ പട്ടേലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സുപ്രീം കോടതി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്‌പെൻഡ് ചെയ്‌തിന് പിന്നാലെ അണ്ടര്‍ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം രാജ്യത്തിന് നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും ടൂര്‍ണമെന്റ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പ്രഫുല്‍ പട്ടേല്‍ നടത്തിയെന്ന് കോടതി അഭിപ്രായപ്പെട്ടു.
എഐഎഫ്‌എഫിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സിഒഎ) പിരിച്ചുവിടാനുള്ള അപേക്ഷ പരിഗണിക്കുന്ന രണ്ടംഗ ബഞ്ചിന്റെ തലവനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. “എതിര്‍പ്പുണ്ടെന്ന് പറയുകയും ടൂര്‍ണമെന്റ് അട്ടിമറിക്കാനും ശ്രമിക്കുന്നു. പ്രഫുല്‍ പട്ടേല്‍ ടൂര്‍ണമെന്റ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോഴും അത് തുടരുന്നു,” അദ്ദേഹം പറഞ്ഞു.
സിഒഎ പിരിച്ചുവിടാൻ കോടതി തീരുമാനിച്ചതിന് ശേഷം എഐഎഫ്‌എഫിന്റെ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർമാരെ നിയമിക്കുന്നതിൽ ഒന്നോ രണ്ടോ സംസ്ഥാനങ്ങൾക്ക് എതിർപ്പുണ്ടാകാമെന്ന സംസ്ഥാന അസോസിയേഷന്‍ അഭിഭാഷകന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റിട്ടേണിംഗ് ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും ഉൾപ്പെട്ട ബഞ്ച് ഉത്തരവിറക്കുന്നതിനിടെയാണ് വാക്കേറ്റം ഉണ്ടായത്. ഈ ഘട്ടത്തിൽ, കോടതി നിയോഗിച്ച സിഒഎയെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, “സംസ്ഥാന അസോസിയേഷനുകളുടെ സമ്മതത്തോടെയാണ്” ഇത് ചെയ്യുന്നതെന്ന് ചേർക്കാൻ ജസ്റ്റിസ് ചന്ദ്രചൂഡിനോട് ആവശ്യപ്പെടുകയായിരുന്നു.
കോടതി ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു എന്‍സിപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെതിരായ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമര്‍ശമുണ്ടായത്.
നേരത്തെ ഹിയറിങ്ങില്‍ പ്രഫുല്‍ പട്ടേലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയ്ക്ക് മുന്‍പാകെ സമർപ്പിച്ച കാര്യങ്ങളെ പിന്തുണയ്ക്കുന്നതായി പറഞ്ഞു.
പ്രധാനമായും മൂന്നാം കക്ഷി ഇടപെടൽ സംബന്ധിച്ച് ഫിഫ ഉന്നയിച്ച ആശങ്കകൾ ഗവൺമെന്റിനെ അറിയിച്ചുകൊണ്ട്, എഐഎഫ്എഫ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഭരണഘടന എങ്ങനെയായിരിക്കുമെന്ന് നിർദ്ദേശിക്കുന്നതിനുപുറമെ, സിഒഎ പിരിച്ചുവിടുന്നതിനും തിരഞ്ഞെടുപ്പ് വേഗത്തിൽ നടത്തുന്നതിനും മേത്ത അപേക്ഷിച്ചിരുന്നു.
“സോളിസിറ്റർ ജനറൽ പറഞ്ഞ എല്ലാ കാര്യങ്ങളെയും ഞാൻ പിന്തുണയ്ക്കുന്നു. തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. നിർഭാഗ്യവശാൽ വൈകി. അതിനാലാണ് ഞാൻ സ്ഥാനത്ത് തുടർന്നത്. ഫിഫയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗമായതിനാൽ, അണ്ടർ 17 വനിതാ ലോകകപ്പ് ഇവിടെ വരണമെന്ന് ഞാൻ ആഗ്രഹിച്ചു, അത് സാധ്യമാക്കുകയും ചെയ്തു. പക്ഷെ അവരുടെ മനസില്‍ എന്താണെന്ന് എനിക്ക് അറിയാമായിരുന്നു, ഞാന്‍ അത് വ്യക്തമാക്കി,” പട്ടേലിന് വേണ്ടി സിബല്‍ കോടതിയില്‍ പറഞ്ഞു.