കോഴിക്കോട്: പ്രഭാകരനെന്നെ ഒറ്റയാൾപട്ടാളത്തെ തടയാൻ സര്‍വ്വീസസിനായില്ല. കോഴിക്കോട്ടെ സ്വപ്നനഗരിയെ കോരിത്തരപ്പിച്ച പ്രഭാകരന്റെ മികവിൽ റെയിൽവേസ് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. പൊരുതിക്കളിച്ച സർവ്വീസസിനെ നേരിട്ടുളള സെറ്റുകൾക്ക് തോൽപ്പിച്ചാണ് റെയിൽവേസ് കലാശക്കളിക്ക് യോഗ്യത നേടിയത്. സ്കോർ – 25-17, 34-32, 25-14

ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ ഇരു ടീമുകളും മികച്ചൊരു മത്സരമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റിൽ 16-16 എന്ന സ്കോർവരെ ഒപ്പത്തിനിപ്പൊം പോരാടി സർവ്വീസസും റെയിൽവേസും മുന്നേറി. എന്നാൽ ആരാധകരുടെ പ്രിയ താരം പ്രഭാകരന്രെ തകർപ്പൻ സ്മാഷുകളുടെ കരുത്തിൽ തുടർച്ചയായി 8 പോയിന്റുകൾ സ്വന്തമാക്കി റെയിൽവേ 24-16 എന്ന സ്കോറിൽ മുന്നിൽ എത്തി. പിന്നാലെ പ്രഭാകകരന്റെ തകർപ്പൻ ഒരു ക്രോസ് കോർട്ട് ഷോട്ടിലൂടെ സെറ്റ് പോയിന്റ് സ്വന്തമാക്കി റെയിൽവേ മുന്നിലെത്തി.

അത്യന്തം ആവേശം നിറഞ്ഞതായിരുന്നു രണ്ടാം സെറ്റ്. പൊരുതാനുറച്ച് ഇറങ്ങിയ പട്ടാളക്കൂട്ടം തുടക്കത്തിൽ മുന്നേറി. പങ്കജ് ശർമ്മയുടെയും കിരൺ രാജിന്റെ ഇടിമിന്നൽ സ്മാഷുകൾ യഥേഷ്ടം റെയിൽവേയുടെ കോർട്ടിൽ പതിച്ചതോടെ സർവ്വീസസ് 16-13 എന്ന സ്കോറിന് മുന്നിലെത്തി. ഇതിനിടെ നിറം മങ്ങിയ റെയിൽവേ നായകൻ മനുജോസഫിനെ പരിശീകൻ പിൻവലിക്കുകയും ചെയ്തു. എന്നാൽ ഒരിക്കൽക്കൂടി റെയിൽവേയുടെ പ്രതീക്ഷകൾ ചുമലിലേറ്റി പ്രഭാകരൻ അവതരിച്ചതോടെ സർവ്വീസസ് വിറച്ചു. ബാക്ക്‌ലൈനിൽ നിന്നും ഫ്രണ്ട് കോർട്ടിൽ നിന്നുമുള്ള പ്രഭാകരന്റെ ഇടിമിന്നൽ സ്മാഷുകളെ തടുക്കാൻ സർവ്വീസസിന്റെ പ്രതിരോധത്തിന് കഴിഞ്ഞില്ല. പിന്നിൽ നിന്ന് പൊരുതിക്കയറിയ റെയിൽവേ 23-23 എന്ന സ്കോറിന് സർവ്വീസസിനെ സമനിലയിൽ പിടിച്ചു.

എന്നാൽ നിർണ്ണായകമായ ആദ്യ സെറ്റ് പോയിന്റ് സർവ്വീസസിന് അനുകൂലമായാണ് ലഭിച്ചത്.​ എന്നാൽ സെറ്റ് പോയിന്റിൽ നിൽക്കെ സർവ്വീസസ് താരം കിരൺ രാജ് സർവ്വ് പാഴാക്കിയതോടെ റെയിൽവേയ്ക്ക് പുതു ജീവൻ പിന്നാലെ കൊണ്ടും കൊടുത്തും ഇരു ടീമുകളും 32-32 എന്ന സ്കോർവരെ ഇഞ്ചോടിഞ്ച് പൊരുതി. എന്നാൽ വീണ്ടും കളത്തിലെ താരം പ്രഭാകരന്റെ രണ്ട് തുടർ സ്മാഷുകളൂടെ നിർണ്ണായകമായ രണ്ടാം സെറ്റ് 34-32 എന്ന സ്കോറിന് റെയിൽവേ കൈപ്പിടിയിലാക്കുകയായിരുന്നു.

രണ്ടാം സെറ്റിലെ അപ്രതീക്ഷിത തോൽവി സർവ്വീസസിനെ തളർത്തിയിരുന്നു. നിർണ്ണായകമായ മൂന്നാം സെറ്റിൽ ഒന്ന് പൊരുതി നോക്കാൻ പോലും സർവ്വീസസ് താരങ്ങൾക്ക് കഴിഞ്ഞില്ല. പ്രഭാകരനും മനു ജോസഫും അനസുമെല്ലാം കളംനിറഞ്ഞപ്പോൾ പട്ടാളം തോൽവി സമ്മതിക്കുകയായിരുന്നു. 25-14 എന്ന സ്കോറിനാണ് മൂന്നാം സെറ്റ് റെയിൽവേ നേടിയത്.

ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയാണ് റെയിൽവേസ് ഫൈനലിൽ എത്തുന്നത്. കഴിഞ്ഞ തവണ കേരത്തിന് മുന്നിൽ അടിയറവെച്ച കിരീടം ഇത്തവണ തിരിച്ച് പിടിക്കാനുളള തയ്യാറെടുപ്പിലാണ് റെയിൽവേസ് താരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook