ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹോക്കി ഇതിഹാസ താരവും മലയാളിയുമായ പി. ആര്‍. ശ്രീജേഷിന് വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം. പ്രസ്തുത അവാര്‍ഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. 2020 ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പുരസ്കാരം നേടിയിരുന്നു.
“അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനമുണ്ട്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് (എഫ്ഐഎച്ച്) നന്ദി പറയുന്നു. എനിക്ക് വോട്ടു ചെയ്ത ലോകത്തെമ്പാടുമുള്ള ഹോക്കി ആരാധകര്‍ക്കും നന്ദി,” ശ്രീജേഷ് പ്രസ്താവനയില്‍ പറഞ്ഞു. പോയ വര്‍ഷത്തെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള എഫ്ഐഎച്ചിന്റെ പുരസ്കാരവും ശ്രീജേഷിനായിരുന്നു.
സ്പെയിനിന്റെ ക്ലൈംബര്‍ ആല്‍ബെര്‍ട്ടൊ ജിന്‍സ് ലോപസ്, ഇറ്റലിയുടെ വുഷു താരം മിഷേല്‍ ജിയോര്‍ഡാനൊ എന്നിവരെയാണ് ശ്രീജേഷ് പിന്തള്ളിയത്. 1.27 ലക്ഷം വോട്ടുകളാണ് ശ്രീജേഷിന് ലഭിച്ചത്. രണ്ടാമതെത്തിയ ലോപസിന് 67,428 വോട്ടുകള്‍ ലഭിച്ചു.
എഫ്ഐഎച്ചായിരുന്നു ശ്രീജേഷിനെ പുരസ്കാരത്തിനായി നിര്‍ദേശിച്ചത്. “നോമിനേഷന്‍ ലഭിക്കാനുള്ളത് മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിക്കുന്നത്. ബാക്കിയെല്ലാം ഹോക്കി ആരാധകരുടെ കൈയിലാണ്. അതിനാല്‍ തന്നെ ഈ അംഗീകാരം അവര്‍ക്കുള്ളതാണ്. അവരാണ് ഇത് അര്‍ഹിക്കുന്നത്,” ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.
“ഇന്ത്യന്‍ ഹോക്കിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിമിഷമാണ്. ലോകത്തുള്ള എല്ലാ ഹോക്കി ഫെഡറേഷനുകളും എനിക്ക് വോട്ട് ചെയ്തു. ഹോക്കി കുടുംബത്തില്‍ നിന്നുള്ള പിന്തുണ വളരെയധികം സന്തോഷം നല്‍കുന്നു,” ശ്രീജേഷ് പറഞ്ഞു.
ടോക്കിയൊ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടാന്‍ സഹായിച്ച ടീമിലെ ഓരോ അംഗങ്ങള്‍ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നതായും മുന്‍ ഇന്ത്യന്‍ നായകന്‍. “33 അംഗ ടീം മാത്രമല്ല. നിരവധി പേരുടെ കഷ്ടപ്പാടുകള്‍ പിന്നിലുണ്ട്. പരിശീലക സംഘം, സപ്പോര്‍ട്ട് സ്റ്റാഫ്, ഹോക്കി ഇന്ത്യ പോലൊരു വലിയ സംഘടന,” ശ്രീജേഷ് വിശദമാക്കി.
2006 ലായിരുന്നു ശ്രീജേഷ് സീനിയര്‍ ടീമില്‍ ആദ്യമായി കളിച്ചത്. 2011 മുതല്‍ ടീമിന്റെ സുപ്രധാന ഘടകമാകാന്‍ താരത്തിനായി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരായ പ്രകടനമായിരുന്നു കരിയറില്‍ നിര്‍ണായകമായത്.
Also Read: വിരാട് കോഹ്ലിയുടെ ഫോം ആശങ്കാവഹം: അജിത് അഗാര്‍ക്കര്‍