ന്യൂഡൽഹി: കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് എട്ട് മാസത്തെ ഇടവേള കഴിഞ്ഞ് ഹോക്കി ഇന്ത്യ ടീം നായകൻ പി.ആർ.ശ്രീജേഷ് തിരികെയെത്തി. 2018 സീസണിലേക്കുള്ള 33 അംഗ സംഘത്തിലെ നാല് ഗോൾകീപ്പർമാരിൽ ഒരാളാണ് ശ്രീജേഷ്.

ഫോമിലേക്ക് തിരികെയെത്താനായാൽ ശ്രീജേഷിന് നായകസ്ഥാനം അടക്കം തിരികെ ലഭിക്കും. അസ്ലൻ ഷാ ടൂർണ്ണമെന്റിനിടയിലാണ് കാലിലെ ലിഗ്മെന്റിൽ ശ്രീജേഷിന് പരുക്കേറ്റത്. ഒഡിഷയിൽ നടന്ന ഹോക്കി ലോക ലീഗിൽ വെങ്കലം നേടിയാണ് ഇന്ത്യ 2017 സീസണിന് അവസാനം കുറിച്ചത്.

2018 ൽ കൂടുതൽ തിരക്കേറിയ സീസണാണ് ഇന്ത്യൻ സംഘത്തിനുള്ളത്. ഇതിനായി 10 ദിവസത്തെ പരിശീലന ക്യാംപിനായി താരങ്ങൾ ബെംഗളൂരുവിലാണ്. 2016 ജൂനിയർ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ സംഘത്തിലെ ഗോൾകീപ്പർ ക്രിഷൻ ബി പതകും ടീമിലുണ്ട്.

ഏപ്രിലിൽ കോമൺവെൽത്ത് ഗെയിംസ്, ജൂലൈയിൽ നെതർലൻഡിൽ ചാംപ്യൻസ് ട്രോഫി, ഓഗസ്റ്റിൽ ജക്കാർത്തയിൽ ഏഷ്യൻ ഗെയിംസ്, ഒക്ടോബറിൽ ഏഷ്യൻ ചാംപ്യൻസ് ട്രോഫി, നവംബറിൽ ഭുവനേശ്വറിൽ ഹോക്കി ലോകകപ്പ് തുടങ്ങിയ ടൂർണ്ണമെന്റുകളാണ് ഇത്തവണത്തെ സീസണിലുള്ളത്.

ന്യൂസിലൻഡിൽ ചതുർ രാഷ്ട്ര ടൂർണ്ണമെന്റോടെയാണ് ഇന്ത്യൻ സംഘത്തിന്റെ മൽസരം തുടങ്ങുന്നത്. ബെൽജിയവും ജപ്പാനുമാണ് ന്യൂസിലൻഡിന് പുറമേ ടൂർണ്ണമെന്റിൽ ഇന്ത്യയുടെ എതിരാളികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ