ഹോക്കി ലോകകപ്പ് മത്സരങ്ങള്‍ക്ക് ഒഡിഷയില്‍ ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ബല്‍ജിയം അടക്കം 16 ടീമുകളാണ് അണിനിരക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ – സ്‌പെയിനിനെ നേരിടും. അര്‍ജന്റീന-സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ-ഫ്രാന്‍സ്, ഇംഗ്ലണ്ട്-വെയില്‍സ് എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങള്‍. അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ആദ്യ പോരാട്ടം. ഉച്ചയ്ക്ക് ഒരുമണിക്കാണ് മത്സരം. മൂന്ന് മണിക്ക് ഓസ്ട്രേലിയ ഫ്രാന്‍സിനെയും അഞ്ച് മണിക്ക് ഇംഗ്ലണ്ട് വെയ്ല്‍സിനെയും നേരിടും. രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-സ്പെയ്ന്‍ പോരാട്ടം.
ഇന്നലെ കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് ഠാക്കുര്‍, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് തയ്യിബ് ഇക്രം എന്നിവരും പങ്കെടുത്തു. 17 ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആകെ 44 മത്സരങ്ങളാണുള്ളത്.
ഒളിപിംക്സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ഇത്തവണ കിരീട നേട്ടം തന്നെയാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ സ്‌പെയിനാണ് ഇന്ത്യയുടെ എതിരാളി. ഇരു ടീമുകളും തമ്മില്‍ നേര്‍ക്ക് നേര്‍ വന്നപ്പോള്‍ ഇന്ത്യയാണ് കൂടുതല്‍ തവണ വിജയിച്ചത്.
13 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 11ല്‍ സ്‌പെയിന്‍ ജയിച്ചു. റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് പുറകിലാണെങ്കിലും കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ടീം തന്നെയാണ് സ്‌പെയിനിന്‍.
ഇന്ത്യന്‍ നിയതില്‍ ഗോള്‍വല കാക്കാന്‍ ഈ ലോകകപ്പിലും പി ആര്‍ ശ്രേജേഷുണ്ട്. പരിക്കില്‍ നിന്ന് മുക്തനായ വിവേക് സാഗര്‍ പ്രസാദ് മധ്യനിരയില്‍ മടങ്ങി വരുന്നതും മുതല്‍കൂട്ടാണ്. പുതുതായി നിര്‍മ്മിച്ച ബിര്‍സാമുണ്ട സ്റ്റേഡിയത്തിലാണ് പോരാട്ടം. നാലാം തവണയാണ് ഇന്ത്യ ഹോക്കി ലോകകപ്പിന് വേദിയാവുന്നത്. 2018ല്‍ ഒഡിഷ തന്നെ ചാമ്പ്യന്‍ഷിപ്പിന് വേദിയായിരുന്നു. അതിന് മുമ്പ് 1982ന് മുംബൈയിലും 2010ല്‍ ദില്ലിയിലും ലോക ഹോക്കി ചാമ്പ്യന്‍ഷിപ്പ് നടന്നു.