വെസ്റ്റ് ഇന്‍ഡീസിനെതിരായ സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. കൂടെ കല്ലുകടിയായി അമ്പയറിങ്ങിലെ പ്രശ്‌നങ്ങളും. കോവിഡ് വ്യാപനം മൂലമൂണ്ടായ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സ് സംഭവബഹുലമായി.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിയമങ്ങളിൽ മാറ്റം വരുത്തിയാണ് മത്സരങ്ങൾ നടത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനം വിദേശ അമ്പയർമാർക്ക് പുറമെ സ്വദേശികളായ അമ്പയർമാർക്കും മത്സരം നിയന്ത്രിക്കാമെന്നതാണ്. എന്നാൽ നിയമത്തിലെ ഈ മാറ്റം ആദ്യ മത്സരത്തിൽ തന്നെ കല്ലുകടിയായി.

സതംപ്ടണിൽ നടക്കുന്ന ആദ്യ മത്സരം നിയന്ത്രിക്കുന്നത് ഇംഗ്ലിഷ് അമ്പയർമാർ ആണ്. ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഫീൽഡ് അമ്പയർമാരായി എത്തിയത് റിച്ചാർഡ് ഇല്ലിങ്‌വർത്തും റിച്ചാർഡ് കെറ്റിൽബോറോയുമാണ്. രണ്ട് പതിറ്റാണ്ടോളം ക്രിക്കറ്റ് മൈതാനത്ത് പരിചയസമ്പത്തുള്ള ഇരുവരുടെയും രണ്ട് തീരുമാനങ്ങളാണ് വെസ്റ്റ് ഇൻഡീസ് റിവ്യൂ സംവിധാനം ഉപയോഗിച്ച് തിരുത്തിയത്. ഇതാണ് വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചത്.

അതേസമയം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് തെറ്റി. ഇംഗ്ലിഷ് പട 204 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ നായകൻ ജെയ്സൺ ഹോൾഡറുടെ പ്രകടനമാണ് വിൻഡീസിന് മത്സരത്തിൽ ആധിപത്യം നൽകിയത്. 42 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിന്‍ഡീസ് എട്ടോവറില്‍ 23 റണ്‍സ് എടുത്തു.

Read Also: ഏഷ്യാകപ്പ് ക്രിക്കറ്റ് റദ്ദാക്കി: സ്ഥിരീകരണവുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ഓപ്പണർ ഡൊമിനിക് സിബിലിയെ നഷ്ടമായത് മുതൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ പിഴച്ചു. ജോ ഡെൻലിയും റോറി ബേൺസും പൊരുതി നോക്കിയെങ്കിലും 51 റൺസെടുക്കുന്നതിനിടയിൽ രണ്ട് പേരും പുറത്തായി.

നായകൻ ബെൻ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. ഏഴ് ബൗണ്ടറികളടക്കം 43 റൺസ് നേടിയ നായകന് ജോസ് ബട്‌ലറും ഭേദപ്പെട്ട പിന്തുണ നൽകി, 35 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്വന്തമാക്കിയത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ അഞ്ചിൽ ജയിച്ച ഇംഗ്ലണ്ട് 146 പോയിന്റുമായി നാലാം സ്ഥാനത്താണ്. കളിച്ച രണ്ടു ടെസ്റ്റുകളും തോറ്റ വെസ്റ്റിൻഡീസ് എട്ടാം സ്ഥാനത്തും. 360 പോയിന്റുമായി ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook