ലക്‌നൗ: കളിക്കളത്തിലെ ചൂടന്‍ സ്വഭാവത്തിന് പേരുകേട്ട താരമാണ് വിന്‍ഡീസിന്റെ കീറോണ്‍ പൊള്ളാര്‍ഡ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ പൊള്ളാര്‍ഡ് എതിര്‍ ടീം താരങ്ങളോടും അമ്പയറോടും എന്തിന് സ്വന്തം ടീമംഗത്തോടും വരെ പലപ്പോഴും അതിരു വിട്ടു പെരുമാറിയിട്ടുണ്ട്. വായില്‍ ടാപ്പ് ഒട്ടിച്ച് ഫീല്‍ഡ് ചെയ്യുന്ന പൊള്ളാര്‍ഡിന്റെ ചിത്രം ആ സ്വഭാവത്തെ എന്നും ഓര്‍മ്മപ്പെടുത്തുന്നു. തന്റെ ചൂടിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലെന്ന് ഇന്നലെ ഒരിക്കല്‍ കൂടി പൊള്ളാര്‍ഡ് തെളിയിച്ചു.

മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ ജസ്പ്രീത് ബുംറയോടായിരുന്നു പൊള്ളാര്‍ഡിന്റെ കലിപ്പ്. വിന്‍ഡീസ് ഇന്നിങ്സിന്റെ 11-ാം ഓവറിലാണ് സംഭവം. ബുംറയെറിഞ്ഞ പന്ത് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച പൊള്ളാര്‍ഡിന് പിഴച്ചു. പന്ത് നേരെ ഉയര്‍ന്നുപൊങ്ങി ബുംറയ്ക്ക് ക്യാച്ച് ചെയ്യാന്‍ പാകത്തിലായി. സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് ഓടിയ ബുംറ പന്ത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളാര്‍ഡ് അത് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബോധപൂര്‍വ്വം ബുംറയുടെ അടുത്തേക്ക് നടന്നടുത്ത പൊള്ളാര്‍ഡ് ഇന്ത്യന്‍ ബോളറുടെ തൊട്ടടുത്തെത്തിയപ്പോള്‍ വലംകൈ ഉയര്‍ത്തി. തലനാരിഴയ്ക്കാണ് ബുംറയ്ക്ക് ക്യാച്ച് കിട്ടിയത്.

എന്താണ് താന്‍ ചെയ്തതെന്ന് ബുംറ പന്ത് പിടിച്ചതും തിരിഞ്ഞ് നിന്നു കൊണ്ട് പൊള്ളാര്‍ഡിനോട് ചോദിക്കുന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കാതെ പൊള്ളാര്‍ഡ് നടന്നകലുകയായിരുന്നു. 11 പന്തില്‍ നിന്ന് ആറു റണ്‍സായിരുന്നു പൊള്ളാര്‍ഡിന്റെ സമ്പാദ്യം.

പൊള്ളാര്‍ഡിനെതിരെ അമ്പയര്‍മാരോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരാതിപ്പെടുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും പൊള്ളാര്‍ഡ് എന്താണ് ചെയ്തതെന്ന് ചോദിച്ചു കൊണ്ട് ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook