ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായുളള സ്നേഹബന്ധം ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. നിരവധി തവണ ഇരുവരും ഇത് പരസ്യമായി പറഞ്ഞും പ്രവൃത്തിയിലൂടെ കാണിച്ചും രംഗത്തെത്തിയിട്ടുണ്ട്.

കോഹ്‌ലിയുമായുളള ബന്ധം വെളിപ്പെടുത്തിയാണ് അഫ്രിദി വീണ്ടും രംഗത്തെത്തിയത്. രാഷ്ട്രീയമായ സാഹചര്യങ്ങളുടെ ബന്ധത്തില്‍ താനും കോഹ്‌ലിയുമായുളള ഹൃദ്യമായ ബന്ധത്തെ നിര്‍വചിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘വിരാട് ഒരു ഉത്തമനായ വ്യക്തിയാണ്. എന്റെ രാജ്യത്ത് ക്രിക്കറ്റിന്റെ അംബാസഡര്‍ ഞാനെന്നിരിക്കെ ഇന്ത്യയില്‍ അത് വിരാടാണ്. ഏറെ ബഹുമാനവും സ്നേഹവും കാണിക്കുന്നയാളാണ് അദ്ദേഹം. ഒരു വ്യക്തിയെന്ന നിലയില്‍ രണ്ട് രാജ്യത്തുളളവര്‍ തമ്മിലുളള ബന്ധത്തെ ഏങ്ങനെ മുന്നോട്ട് കൊണ്ടുപോവാം എന്ന് കോഹ്‌ലിക്ക് മനോഹരമായി അറിയാം. പാക്കിസ്ഥാന് ശേഷം എനിക്ക് ഏറ്റവും കൂടുതല്‍ സ്നേഹം കിട്ടിയത് ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമാണ്’, അഫ്രീദി പറഞ്ഞു.

ഷാഹിദ് അഫ്രീദി ഫൗണ്ടേഷനിലേക്ക് സംഭാവനയായി വിരാട് തന്റെ ബാറ്റ് നല്‍കിയത് ഈയടുത്താണ്. സ്വന്തം ഒപ്പ് രേഖപ്പെടുത്തിയ ബാറ്റാണ് അന്ന് കോഹ്‌ലി സമ്മാനിച്ചത്. ഇതും അഫ്രീദി സൂചിപ്പിച്ചു.

അഫ്രീദിയുടെ സന്നദ്ധ സംഘടനയുടെ ഫണ്ട് ശേഖരണാര്‍ഥം ലേലം ചെയ്യാനായിരുന്നു കോഹ്‌ലി ബാറ്റ് നല്‍കിയത്. കോഹ്‌ലിക്ക് നന്ദി അറിയിച്ച് പിന്നീട് അഫ്രീദി ട്വിറ്ററില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ഇംഗ്ലണ്ടിലായിരുന്നു അഫ്രീദിയുടെ ഫൗണ്ടേഷന്‍ കോഹ്‍ലിയുടെ ഒപ്പുള്ള ബാറ്റ് ലേലത്തിന് വച്ച് ലക്ഷങ്ങള്‍ നേടിയത്. സിന്ധ് പ്രവിശ്യയിലെ തര്‍പാകറില്‍ പുതിയൊരു ആശുപത്രി നിര്‍മിക്കാനായിരുന്നു ലേലത്തില്‍ നിന്നു ലഭിച്ച തുക വിനിയോഗിച്ചത്.

കഴിഞ്ഞ ഏപ്രിലിലാണ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അന്ന് കോഹ്‌ലിയുടെ ജഴ്സി അദ്ദേഹത്തിന് സമ്മാനമായി നല്‍കിയിരുന്നു. ഇന്ത്യന്‍ ടീം അംഗങ്ങളുടെ ഒപ്പുകളോട് കൂടിയ ജഴ്സിയാണ് അന്ന് നല്‍കിയത്.

ടീഷര്‍ട്ട് ലണ്ടനില്‍ വെച്ച് ലേലത്തിന് വച്ച് അന്ന് മൂന്ന് ലക്ഷം രൂപയും ലഭിച്ചിരുന്നു. ‘നിങ്ങള്‍ക്ക് എതിരെ കളിക്കാന്‍ എന്നും സന്തോഷമാണ് സഹോദരാ’ എന്ന വാചകങ്ങള്‍ ടീഷര്‍ട്ടില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ കുറിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ