ന്യൂഡൽഹി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരായ കേസന്വേഷണം പൊലീസ് ശക്തമാക്കി. ഇദ്ദേഹത്തിന്റെ ഫോൺ കണ്ടുകെട്ടിയ പൊലീസ് സംഘം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം താരം യാത്രചെയ്‌തതിന്റെ മുഴുവൻ രേഖകളും ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്തയച്ചു.

ഷമി, മറ്റ് അനവധി സ്ത്രീകളുമായി സംസാരിച്ചതിന്റെയും ചാറ്റ് ചെയ്തതിന്റെയും വിശദാംശങ്ങൾ അടങ്ങിയ ഫോണാണ് പിടികൂടിയത്. കൊൽക്കത്ത പൊലീസ് ജോയിന്റ് കമ്മിഷണർ പ്രവീൺ ത്രിപദിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച പരാതിക്കാരിയും ഷമിയുടെ ഭാര്യയുമായ ഹസിൻ ജഹാനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ഷമിയുടെ ഫോണാണ് പൊലീസ് സംഘം വാങ്ങിയത്. ചില രേഖകളും ഹസിൻ ജഹാൻ പൊലീസിന് കൈമാറി.

അതേസമയം കേസ് ഒത്തുതീർക്കാനുളള തീവ്രശ്രമത്തിലാണ് ഷമിയുടെ കുടുംബം. ഉത്തർപ്രദേശിൽ നിന്നെത്തിയ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കൊൽക്കത്തയിൽ ഹസിൻ ജഹാന്റെ അഭിഭാഷകനുമായി ഇന്നലെ ഉച്ചയ്ക്ക് ദീർഘനേരം സംസാരിച്ചു. എന്നാൽ ഒത്തുതീർക്കാൻ സാധിച്ചില്ല.

അതേസമയം ഹസിന്റെ മൊഴി മജിസ്ട്രേറ്റ് മുൻപാകെ രേഖപ്പെടുത്താനുളള ശ്രമങ്ങളുമായി കൊൽക്കത്ത പൊലീസ് മുന്നോട്ട് പോവുകയാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ സമയത്തും ഷമിയുടെ ഒപ്പം മറ്റൊരു യുവതി ഉണ്ടായിരുന്നുവെന്ന പുതിയ ആരോപണവും ഹസിൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ