ന്യൂഡൽഹി: ഇന്ത്യൻ താരം യുസ്വേന്ദ്ര ചാഹലിനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ മുൻതാരം യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസ്. കഴിഞ്ഞ ദിവസമാണ് രോഹിത് ശർമയുമൊത്തുള്ള ഇൻസ്റ്റഗ്രാം ലൈവിനിടയിൽ ചാഹലിനെ അധിക്ഷേപിക്കുന്ന തരത്തിലൊരു പരാമർശം യുവരാജ് നടത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദലിത് അവകാശ പ്രവർത്തകരടക്കം പരസ്യമായി യുവരാജിനെതിരെ രംഗത്ത് വന്നിരുന്നു. ഹരിയാനയിലെ ഹിസാറിലുള്ള ഹൻസി പൊലീസ് സ്റ്റേഷനിലാണ് യുവരാജിനെതിരെ അഭിഭാഷകൻ കൂടിയായ രജത് കൽസാൻ പരാതി നൽകിയത്.
താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാൻ ഇൻസ്റ്റഗ്രാം ലൈവിനിടെ യുവരാജ് ഉപയോഗിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആളുകളാണ് യുവരാജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. യുവരാജ് മാഫി മാംഗോ (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. നിരവധി ആരാധകരാണ് ട്വിറ്ററിൽ ഈ ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്തത്.
Also Read: വിരാടിന്റെ ഈ സ്വഭാവഗുണമാണ് ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത്; നായകനെക്കുറിച്ച് കുൽദീപ്
തങ്ങളുടെ ലോകകപ്പ് ഹീറോയിൽ നിന്ന് ഇത്തരമൊരു കാര്യം തങ്ങൾ പ്രതീക്ഷിച്ചില്ലെന്ന് പല ആരാധകരും കുറിച്ചു. അതേസമയം, അർബുദത്തെ പോലും തോൽപ്പിച്ച യുവരാജിന് ജാതീയമായുള്ള ചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായിട്ടില്ലെന്നും ഏറെ പ്രിയപ്പെട്ട യുവരാജിൽ നിന്ന് ഇങ്ങനെ ഒരു പരാമർശം പ്രതീക്ഷിച്ചില്ലെന്നും മറ്റ് ചിലരും എഴുതി.
ഇന്ത്യൻ ടീമിലേത് പോലെ തന്നെ സമൂഹമാധ്യമങ്ങളിലും വളരെ സജീവമായി നിൽക്കുന്ന താരമാണ് ചാഹൽ. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്രെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ കളി മൈതാനങ്ങൾ നിശ്ചലമായതോടെ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായി ചാഹൽ. ഇൻസ്റ്റഗ്രാമിൽ താരങ്ങളുടെ പോസ്റ്റിന് താഴെ ആദ്യം കമന്റുമായി എത്തുന്ന ചാഹൽ ടിക് ടോക്കിലെയും മിന്നും താരമാണ്. ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിനിടയിലാണ് യുവരാജ് അധിക്ഷേപകരമായ പരാമർശം നടത്തിയത്.