ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സ് വിശ്വ വിജയികളായപ്പോള്‍ ആ വിജയത്തിന് പിന്നിലെ നിശബ്ദ പോരാളിയായിരുന്നു എന്‍ഗോളോ കാന്റെ. മറ്റുള്ളവര്‍ ലോകകപ്പുമായി വിജയം ആഘോഷിച്ചപ്പോള്‍ കപ്പ് ചോദിച്ച് വാങ്ങാന്‍ പോലും നാണിക്കുന്ന കാന്റെ ഫുട്‌ബോളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ പൊസിഷനില്‍ കളിക്കുന്ന ലോകത്തെ ഏറ്റവും മികച്ച താരമാണ് കാന്റെ.

പ്രിയപ്പെട്ടവന് വളരെ വ്യത്യസ്തമായൊരു സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് ഫ്രാന്‍സ് ടീം. ലോകകപ്പ് ജേതാക്കളായി നാട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ലോകകപ്പുമായി ആരാധകരെ അഭിവാദ്യം ചെയ്യാനെത്തിയ ടീം കാന്റെയ്ക്കു വേണ്ടി പാട്ടു പാടുകയായിരുന്നു. സഹതാരങ്ങള്‍ കാന്റെയെ ചേര്‍ത്തു പിടിച്ചപ്പോള്‍ പോള്‍ പോഗ്ബ ഓ കാന്റെ കാന്റെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രത്യേക അതിഥികളായി അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോഴായിരുന്നു ടീം കാന്റെയ്ക്ക് വേണ്ടി പാടിയത്. സഹതാരങ്ങളും പരിശീലകന്‍ ദേഷാംപ്‌സുമെല്ലാം പോഗ്ബയ്‌ക്കൊപ്പം ചേര്‍ന്ന് പാടി. ചങ്ങാതികളുടെ സ്‌നേഹത്തിന് പതിവു പോലെ നിറഞ്ഞ ചിരി നല്‍കിയാണ് കാന്റെ പ്രതികരിച്ചത്.

താരങ്ങളെ കാണാനായി എത്തിയ ആരാധകരും പോഗ്ബയ്‌ക്കൊപ്പാം പാട്ടേറ്റു പാടി. ”He is short, he is nice, he is the one, who stopped Leo Messi, N’Golo Kante” എന്നായിരുന്നു ഗാനത്തിലെ ഒരുവരി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ