scorecardresearch
Latest News

ലോകകപ്പ് യോഗ്യത സ്‌റ്റേഡിയത്തിന്റെ ടെറസില്‍ ആഘോഷിച്ച് പാപ്പ ന്യു ഗുനിയ; അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം

യോഗ്യത ആഘോഷിക്കുന്ന ടീമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ലോകകപ്പ് യോഗ്യത സ്‌റ്റേഡിയത്തിന്റെ ടെറസില്‍ ആഘോഷിച്ച് പാപ്പ ന്യു ഗുനിയ; അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം

ചരിത്രം കുറിച്ചിരിക്കുകയാണ് പാപ്പ ന്യൂ ഗുനിയ എന്ന കൊച്ചു രാജ്യം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്കുള്ള യോഗ്യത നേടി കൊണ്ട് അവര്‍ ക്രിക്കറ്റ് ലോകത്ത് വാര്‍ത്തയില്‍ ഇടം നേടുകയാണ്.

കെനിയയെ 45 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് പാപ്പ ന്യു ഗുനിയ ലോകകപ്പിനുള്ള യോഗ്യത നേടിയത്. പക്ഷെ ആ വിജയം കൊണ്ട് ഉറപ്പു വരുത്താനാകുന്നതായിരുന്നില്ല ലോകകപ്പ് യോഗ്യത. അതിനായി നെതര്‍ലന്‍ഡും സ്‌കോട്ട്‌ലന്‍ഡും തമ്മിലുള്ള മത്സരത്തിനായി അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. സ്‌കോട്ട്‌ലന്‍ഡിനെ പരാജയപ്പെടുത്താന്‍ നെതര്‍ലാന്‍ഡിന് കഴിയാതെ വന്നതോടെയാണ് പാപ്പ ന്യു ഗുനിയ യോഗ്യത ഉറപ്പിച്ചത്.

ആറ് വിക്കറ്റ് നഷ്ടത്തില്‍ 19 എന്ന നിലയില്‍ നിന്നുമാണ് പാപ്പ ന്യു ഗുനിയ കെനിയയെ 45 റണ്‍സിന് തോല്‍പ്പിക്കുന്ന നിലയിലേക്ക് എത്തിയത്. പിന്നാലെ നെതര്‍ലന്‍ഡിന്റെ മത്സര ഫലത്തിനായുള്ള കാത്തിരിപ്പ്. ഒടുവില്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ ഒന്നാമത് എത്തിയതോടെ യോഗ്യത. ക്രിക്കറ്റ് ലോകത്തെ കുഞ്ഞന്മാരുടെ ആദ്യ ലോകകപ്പാണിത്.

യോഗ്യത ആഘോഷിക്കുന്ന ടീമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നെതര്‍ലന്‍ഡ്-സ്‌കോട്ട്‌ലന്‍ഡ് മത്സരം കാണാനായി സ്‌റ്റേഡിയത്തിലെത്തിയിരുന്നു പാപ്പ ന്യു ഗുനിയ താരങ്ങള്‍. യോഗ്യത നേടിയെന്നുറപ്പായതോടെ താരങ്ങള്‍ക്ക് വികാരം അടക്കിവയ്ക്കാനായില്ല. സ്റ്റേഡിയത്തിന്റെ ടെറസില്‍ ഇരുന്ന താരങ്ങള്‍ ആവേശത്തോടെ ചാടിയെഴുന്നേറ്റു. കൈ ചുരുട്ടി വായുവിലേക്ക് എറിഞ്ഞും, കൈയ്യടിച്ചും ആര്‍പ്പും വിളിച്ചുമവര്‍ നേട്ടം ആഘോഷിച്ചു.

പാപ്പ ന്യു ഗുനിയ താരങ്ങളുടെ വൈകാരിക ആഘോഷത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് ക്രിക്കറ്റ് ലോകത്തു നിന്നും നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയത്. ഇന്ത്യന്‍ താരം ആര്‍.അശ്വിന്‍, കമന്റേറ്റര്‍ ഹര്‍ഷ ബോഗ്‌ലെ, ഇയാന്‍ ബിഷോപ്പ്, റോസ് ടെയ്‌ലര്‍ തുടങ്ങി നിരവധി പേരാണ് പാപ്പ ന്യു ഗുനിയയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Png players celebrate t20i world cup qualification in stadiums terraces