ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി ക്രിക്കറ്റ് താരം എം.എസ്.ധോണി. തന്റെ ക്രിക്കറ്റ് കരിയറിനെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്‌ത പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി ധോണി ട്വീറ്റ് ചെയ്‌തു.

ഓഗസ്റ്റ് 15 നാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നു താൻ വിരമിച്ചതായി ധോണി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ ധോണിക്ക് നന്ദി രേഖപ്പെടുത്തിയും ആശംസകൾ അറിയിച്ചും രംഗത്തെത്തിയിരുന്നു. ഒരു കത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിക്കറ്റ് താരം ധോണിക്ക് ആശംസകളറിയിച്ചത്. പ്രധാനമന്ത്രി അയച്ച കത്ത് ധോണി ട്വീറ്റ് ചെയ്‌തു.

Read Also: ‘ചൂടൻ’ ധോണി; നിയന്ത്രണം വിട്ടു കളത്തിലേക്ക്, അംപയർക്ക് നേരെ വിരൽചൂണ്ടൽ

“തന്റെ അധ്വാനവും ആത്മസമർപ്പണവും അംഗീകരിക്കപ്പെടുകയും എല്ലാവരാലും പ്രശംസിക്കപ്പെടുകയുമാണ് ഒരു ആർട്ടിസ്റ്റ്, സൈനികൻ, കായികതാരം എന്നിവർ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾക്കും അഭിനന്ദനങ്ങൾക്കും നന്ദി,” പ്രധാനമന്ത്രിയുടെ കത്ത് ട്വീറ്റ് ചെയ്‌ത് ധോണി പറഞ്ഞു.

വിരമിക്കൽ പ്രഖ്യാപനം രാജ്യത്തെ 130 കോടി ജനങ്ങളെ നിരാശരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധോണിക്ക് അയച്ച കത്തിൽ പറയുന്നു. “ഓഗസ്റ്റ് 15 നു തന്റെ സ്വതസിദ്ധമായ ശെെലിയിൽ നിങ്ങൾ ഒരു വീഡിയോ പങ്കുവച്ചു. രാജ്യം മുഴുവൻ ആ വീഡിയോയെ കുറിച്ച് ചർച്ച ചെയ്‌തു. നിങ്ങളുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ 130 കോടി ജനങ്ങളും നിരാശരാണ്, എന്നാൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലം ഇന്ത്യൻ ക്രിക്കറ്റിനു നിങ്ങൾ നൽകിയ സംഭാവനകളെ ഓർത്ത് ഹൃദയങ്ങളിൽ നന്ദിയുള്ളവരുമാണ്,” ധോണി പറഞ്ഞു.

“ഇന്ത്യയെ ലോക ക്രിക്കറ്റിന്റെ മുൻപന്തിയിൽ എത്തിച്ച നായകൻമാരിൽ ഒരാളാണ് നിങ്ങൾ. ലോകോത്തര ബാറ്റ്‌സ്‌മാൻമാരിൽ ഒരാളാണ് നിങ്ങൾ, ഏറ്റവും മികച്ച ക്യാപ്‌റ്റൻ, ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ എന്നിങ്ങനെയെല്ലാം നിങ്ങളുടെ പേര് ചരിത്രത്തിൽ ഇടംനേടും. ദുർഘടമായ സമയങ്ങളിലെ നിങ്ങളുടെ ഫിനിഷിങ് രീതിയും തലമുറകളോളം ഓർക്കപ്പെടും, പ്രത്യേകിച്ച് 2011 ലോകകപ്പ് ഫെെനലിലെ പ്രകടനം. എന്നാൽ, ഒരു സാധാരണ ക്രിക്കറ്റ് നിങ്ങളുടെ സ്റ്റാറ്റിസ്‌റ്റിക്‌സുകൾ കൊണ്ടോ മാത്രം ഓർക്കപ്പെടേണ്ട പേരല്ല മഹേന്ദ്ര സിങ് ധോണി എന്നത്. നിങ്ങളെ വെറും ഒരു കായികതാരമായി മാത്രം നോക്കികാണുന്നത് അനീതിയാണ്. ഒരു പ്രതിഭാസം എന്ന നിലയിലാണ് നിങ്ങൾ വിലയിരുത്തപ്പെടുക !” മോദി കുറിച്ചു. ക്രിക്കറ്റിൽ നിന്നു വിരമിച്ച ധോണി രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് മോദിയുടെ കത്ത് എന്നതും ശ്രദ്ധേയമാണ്.

Read Also: ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി പിൻവലിക്കണമെന്ന് സഹതാരം; ബിസിസിഐ തീരുമാനം നിർണായകം

ഓഗസ്റ്റ് 15 നു വളരെ നാടകീയമായാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. ധോണിയുടെ 16 വർഷം നീണ്ട അന്താരാഷ്ട്ര കരിയറാണ് ഇതോടെ അവസാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook