കളിക്കളത്തിലും പുറത്തും അമിതമായി പ്രതികരിക്കാത്ത താരമാണ് രോഹിത് ശര്‍മ. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ക്യാപ്റ്റനാണെങ്കിലും താരങ്ങളോടൊന്നും അത്ര പെട്ടെന്നു കയര്‍ക്കുന്ന സ്വഭാവം രോഹിത്തിനില്ല. എന്നാല്‍, അതില്‍ നിന്നു വിപരീതമായാണ് കഴിഞ്ഞ ദിവസം രോഹിത് ഒരു മാധ്യമപ്രവര്‍ത്തകനോട് പ്രതികരിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ റിങ് ചെയ്തപ്പോള്‍ അതൊന്ന് സൈലന്റ് ആക്കി വയ്ക്കാമോയെന്ന് രോഹിത് ചോദിച്ചു.

Read Also: സഞ്ജു ഇന്നിറങ്ങും? സൂചന നല്‍കി താരത്തിന്റെ പോസ്റ്റും രോഹിത്തിന്റെ വാക്കുകളും

മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ സദസിലിരുന്ന മാധ്യമപ്രവർത്തകന്റെ ഫോൺ ശബ്ദിച്ചപ്പോഴാണ് ‘മൊബൈൽ സൈലന്റ് ആക്കി വയ്ക്കാമോ ബോസ്?’ എന്ന് രോഹിത് പരസ്യമായി ചോദിച്ചത്. മാധ്യമപ്രവർത്തകന്റെ ഫോൺ ശബ്‌ദിച്ചത് രോഹിത്തിനു ഇഷ്ടപ്പെട്ടില്ല. ഫോൺ റിങ് ചെയ്‌തതിനു തൊട്ടുപിന്നാലെയാണ് രോഹിത് മാധ്യമപ്രവർത്തകനെ ‘മര്യാദ’ പഠിപ്പിച്ചത്. വാർത്താസമ്മേളനത്തിനിടെ ഫോൺ റിങ് ചെയ്‌തത് രോഹിത്തിനെ അലോസരപ്പെടുത്തിയതായി താരത്തിന്റെ മുഖഭാവത്തിൽ നിന്നു മനസിലാക്കാം. ഇതിനുശേഷം വാർത്താ സമ്മേളനം തുടരുകയും ചെയ്തു. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ 1-0 ത്തിനു പിന്നാലാണ്. ഡൽഹിയിൽ നടന്ന ആദ്യ മത്സരത്തിൽ കരുത്തരായ ഇന്ത്യയെ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച് ബംഗ്ലാദേശ് 1-0 ത്തിനു മുന്നിലെത്തി. ഇന്ത്യ മുന്നിൽവച്ച 149 റൺസ് വിജയലക്ഷ്യം അനായാസമായി വെറും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. മൂന്നു പന്തുകൾ ബാക്കി നിൽക്കെയാണ് ബംഗ്ലാദേശിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 148 റൺസാണ് നേടിയത്. മറുപടി ബാറ്റിങിൽ ആത്മവിശ്വാസത്തോടെ കളിച്ച ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖർ റഹീമിന്റെ ഇന്നിങ്സ് കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. മുഷ്ഫിഖർ റഹീം 43 പന്തിൽ നിന്ന് പുറത്താകാതെ 60 റൺസ് നേടി ടോപ് സ്‌കോററായി. സൗമ്യ സര്‍ക്കാര്‍ 39 റണ്‍സും മുഹമ്മദ് നയീം 26 റണ്‍സും നേടി.

Read Also: അടിച്ചുതകര്‍ത്ത് തിരിച്ചുവരവ്, മന്ദാനയ്ക്ക് റെക്കോര്‍ഡ്; മുന്നില്‍ ധവാന്‍ മാത്രം

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ നിറംമങ്ങിയ ബാറ്റിങ് പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ 42 പന്തില്‍ നിന്നു 41 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഒന്‍പതു റണ്‍സ് മാത്രം നേടിയ നായകന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഋഷഭ് പന്ത് (27), ശ്രേയസ് അയ്യര്‍ (22) ലോകേഷ് രാഹുല്‍ (15), ശിവം ദൂബെ (1) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. ഏഴാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും (എട്ട് പന്തില്‍ 15) വാഷിങ്ടണ്‍ സുന്ദറും (അഞ്ച് പന്തില്‍ 14) പുറത്താകാതെ നടത്തിയ പ്രകടനമാണ് ഇന്ത്യയെ 148 റണ്‍സില്‍ എത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook