ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണ് പൊതുവെ പറയപ്പെടുന്നതെങ്കിലും പലപ്പോഴും അതിന് വിപരീതമായാണ് താരങ്ങൾ മൈതാനത്ത് പെരുമാറുന്നത്. കളിക്കളത്തിലെ വീറും വാശിയും അതിരുകടക്കുമ്പോൾ മാന്യത അൽപ്പം കുറയും. ഇക്കാര്യത്തിൽ ഇന്ത്യൻ താരങ്ങളും ഒട്ടും പിന്നിലല്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി പലപ്പോഴും മൈതാനത്ത് അതിരുവിട്ട് പെരുമാറുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്.

2012ൽ ഓസ്ട്രേലിയയിൽ നടന്ന ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലും കോഹ്‍ലി ഇത്തരത്തിൽ പെരുമാറിയിരുന്നു. ഓസ്ട്രേലിയൻ കാണികളെ നടുവിരൽ ഉയർത്തികാട്ടിയ സംഭവം കാട്ടുതീ പോലെയാണ് ക്രിക്കറ്റ് ലേകത്ത് പടർന്നത്. താൻ മറക്കാൻ ശ്രമിക്കുന്ന അദ്ധ്യായമാണ് സിഡ്നി ടെസ്റ്റിലേതെന്നാണ് കോഹ്‍ലി പറയുന്നത്. ഒപ്പം പിറ്റേദിവസം മാച്ച് റെഫറിയോട് തന്നെ വിലക്കരുതെന്ന് അപേക്ഷിക്കേണ്ടി വന്ന അവസ്ഥയും കോഹ്‍ലി ഓർത്തെടുക്കുന്നു.

കോഹ്‍ലിയുടെ വാക്കുകൾ ഇങ്ങനെ – “ഓസ്ട്രേലിയൻ കാണികളുടെ സമീപനം തീരെ പിടിക്കാതെ വന്നപ്പോഴാണ് ഞാൻ അത്തരത്തിൽ പെരുമാറിയത്. പിറ്റേദിവസം മാച്ച് റഫറി രഞ്ജൻ മധുഗല്ലെ എന്നെ മുറിയിൽ വിളിച്ചുവരുത്തി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഒന്നുമില്ല എന്ന എന്റെ മറുപടിക്ക് ഒരു പത്രം അദ്ദേഹം മുന്നിലേക്ക് വലിച്ചെറിഞ്ഞു. ഒന്നാം പേജിൽ തന്നെ ഇന്നലത്തെ എന്റെ പ്രതികരണത്തിന്റെ ഫോട്ടോ കണ്ടതും ഞാൻ പേടിച്ചു. അപ്പോൾ തന്നെ മാച്ച് റഫറിയോട് മാപ്പ് പറയുകയും എന്നെ വിലക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. മാച്ച് റെഫറി എന്നെ മനസ്സിലാക്കുകയും ചെയ്തു. കൂടുതൽ നടപടികൾ ഒന്നും ഉണ്ടായില്ല.” പ്രമുഖ ക്രിക്കറ്റ് മാസികയായ വിസ്ദൻ ക്രിക്കറ്റ് മന്ത്‍ലിക്ക് നൽകിയ അഭിമുഖത്തിലാണ് കോഹ്‍ലി പഴയ കാര്യങ്ങൾ ഓർത്തെടുത്തത്.

കരിയറിന്റെ തുടക്കംമുതൽ ഒരുപാട് വിമർശനങ്ങളാണ് തന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് കോഹ്‍ലി ഏറ്റുവാങ്ങുന്നത്. അടുത്ത കാലത്തായി ഇതിന് കുറവ് വന്നിട്ടുണ്ട്. തന്റെ പഴയകാര്യങ്ങൾ ഓർത്ത് ചിരിക്കാറുണ്ടെന്നും മറ്റുള്ളവർക്ക് വേണ്ടി മാറാതെ ഞാനായി തന്നെ ഇപ്പോഴും ആയിരിക്കുന്നതിൽ അഭിമാനമുണ്ടെന്നും കോഹ്‍ലി കൂട്ടിച്ചേർത്തു.2014 ൽ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ കോഹ്‍ലി 2017ലാണ് ഏകദിന-ടി20 ടീമുകളുടെ ക്യാപ്റ്റനാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook