scorecardresearch
Latest News

റെയ്ന മുതൽ മലിംഗ വരെ; ഐപിഎൽ 13-ാം പതിപ്പിന്റെ നഷ്ടങ്ങൾ

യുഎഇയിൽ നടക്കുന്ന മത്സരങ്ങൾ നേരിട്ട് കാണാൻ സാധിക്കില്ല എന്ന നിരാശയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു റെയ്നയും മലിംഗയും അടക്കമുള്ള താരങ്ങളുടെ ടൂർണമെന്റിൽ നിന്നുള്ള പിന്മാറ്റം

റെയ്ന മുതൽ മലിംഗ വരെ; ഐപിഎൽ 13-ാം പതിപ്പിന്റെ നഷ്ടങ്ങൾ

ന്യൂഡൽഹി: കോവിഡ് സൃഷ്ടിച്ച ആശങ്കകൾക്കിടയിൽ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പ് യുഎഇയിൽ നടത്താൻ തീരുമാനമായത്. സെപ്റ്റംബർ 19ന് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ ആരാധകർ പൂർണമായും സന്തോഷത്തിലാണെന്ന് പറയാൻ സാധിക്കില്ല. അതിന് കാരണം അവരുടെ പ്രിയപ്പെട്ട താരങ്ങളുടെ അഭാവമാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ യുഎഇയിൽ നടക്കുന്ന മത്സരങ്ങൾ നേരിട്ട് കാണാൻ സാധിക്കില്ല എന്ന നിരാശയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു റെയ്നയും മലിംഗയും അടക്കമുള്ള താരങ്ങളുടെ ടൂർണമെന്റിൽ നിന്നുള്ള പിന്മാറ്റം. ഇത്തരത്തിൽ സ്വദേശികളും വിദേശികളുമടക്കം അഞ്ചോളം താരങ്ങളാണ് ടൂർണമെന്റിന്റെ ഭാഗമാകാത്തത്.

Also Read: IPL 2020: പുഞ്ചിരി തൂകി ധോണിയും വാട്സണും: ആശ്വാസം പ്രകടിപ്പിച്ച് ആരാധകർ

സുരേഷ് റെയ്ന: ടി20 ആരാധകരെ പ്രത്യേകിച്ച് ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനമായിരുന്നു ചെന്നൈ ക്യാമ്പിൽ നിന്നുള്ള അവരുടെ ‘ചിന്നത്തല’ സുരേഷ് റെയ്നയുടെ മടക്കം. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ക്യാപ്റ്റൻ കൂൾ എംഎസ് ധോണിക്കൊപ്പം വിരമിക്കൽ പ്രഖ്യാപനം നടത്തിയ റെയ്നയുടെ പ്രകടനം ഇന്ത്യൻ പ്രിമീയർ ലീഗിലെങ്കിലും കാണാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ റെയ്ന നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഹർഭജൻ സിങ്: ചെന്നൈ സൂപ്പർ കിങ്സിന്റെ മറ്റൊരു നഷ്ടമാണ് അവരുടെ ‌സ്‌പിന്നർ ഹർഭജൻ സിങ്. നേരത്തെ ചെന്നൈ ടീമിനൊപ്പം യുഎഇയിലേക്ക് പുറപ്പെടാതിരുന്ന ഭാജി പിന്നീട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹവും പിന്മാറിയതോടെ രണ്ട് സൂപ്പർ താരങ്ങളെയാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഹർഭജന്റെ അഭാവത്തിൽ ഇമ്രാൻ താഹിർ, മിച്ചൽ സാന്റനർ, പിയൂഷ് ചൗള എന്നിവർക്കായിരിക്കും ചെന്നൈ സ്‌പിൻ ഡിപ്പാർട്മെന്റിന്റെ ചുമതല.

Also Read: IPL 2020: ഉദ്ഘാടന മത്സരത്തിൽ മുംബൈയും ബാംഗ്ലൂരും നേർക്കുന്നേർ? മത്സരക്രമം ഇന്ന് പ്രഖ്യാപിച്ചേക്കും

ജേസൺ റോയ്: വലിയ പ്രതീക്ഷകളോടെ ഡൽഹി ക്യാപിറ്റൽ ഇത്തവണ ടീമിലെത്തിച്ച ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയിയും ഐപിഎൽ കളിക്കുന്നില്ല. പരിശീലനത്തിനിടെയേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്. പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലും ഇംഗ്ലീഷ് ടീമിൽ താരത്തിന് സ്ഥാനം ലഭിച്ചിരുന്നില്ല. ജേസൺ റോയിയ്ക്ക് പകരം ഓസിസ് ഓൾറൗണ്ടർ ഡാനിയേൽ സാംസിനെയാണ് ഡൽഹി ക്യാമ്പിലെത്തിച്ചിരിക്കുന്നത്.

കെയ്ൻ റിച്ചാർഡ്സൺ: ഇത്തവണ നടന്ന താരലേലത്തിൽ 4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ താരമാണ് ഓസിസ് പേസർ കെയ്ൻ റിച്ചാർഡ്സൺ. എന്നാൽ ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണെന്നും ഭാര്യയ്ക്കൊപ്പം തുടരാൻ ആഗ്രഹിക്കുന്നതായും താരം ബാംഗ്ലൂരിനെ അറിയിക്കുകയായിരുന്നു. പകരം ഓസ്ട്രേലിയയുടെ തന്നെ ആദം സാമ്പ ബാംഗ്ലൂരിനൊപ്പം ചേരും.

ലസിത് മലിംഗ: നിശ്ചിത ഓവർ ക്രിക്കറ്റിൽ എന്നും കാണികൾക്ക് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുള്ള ബോളറാണ് ശ്രീലങ്കയുടെ ലസിത് മലിംഗ. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബോളർ. കഴിഞ്ഞ ഐപിഎൽ കലാശപോരാട്ടത്തിലടക്കം മുംബൈയെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും മലിംഗയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ടീമിനൊപ്പം ചേരാനാകില്ലെന്ന് മലിംഗയും അറിയച്ചതോടെ മുംബൈയും പകരക്കാരനെ കണ്ടെത്തേണ്ട സ്ഥിതി വന്നു. ഓസ്ട്രേലിയൻ പേസർ ജെയിംസ് പാറ്റിൻസണാണ് മലിംഗയ്ക്ക് പകരം മുംബൈ പേസ് നിരയിലേക്ക് എത്തുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Players who have pulled out of ipl 2020

Best of Express