മോസ്കോ: ലോകത്തെ ഏറ്റവും വലിയ കായികമേളകളില്‍ ഒന്നാണ് ഫിഫ ലോകകപ്പ്. ലോക ഫുട്ബോളിന്റെ മാമാങ്കമായ ഓരോ ലോകകപ്പും ആരാധകരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ്. താരങ്ങളെ സംബന്ധിച്ചും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഓരോ ലോകകപ്പിലും തങ്ങളുടെ മികവ് കൊണ്ട് എതിര്‍ടീമിന്റെ പോലും പ്രീതി പിടിച്ചുപറ്റാറുള്ള താരങ്ങളുണ്ട്. തങ്ങളുടെ കരിയര്‍ പടുത്തുയര്‍‍ത്തി തുടങ്ങുന്ന യുവതാരങ്ങളെ കണ്ടെത്താനുള്ള ഒരു വേദി കൂടിയാണിത്. ബ്രസീലില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച കണ്ടെത്തല്‍ കൊളംബിയന്‍ താരം ഹേമസ് റോഡ്രിഗസ് ആണെങ്കില്‍ ഈ വര്‍ഷം അത് മറ്റാരെങ്കിലുമാണ്.

റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ മികവ് തെളിയിക്കാന്‍ ഒരുങ്ങുന്ന താരങ്ങള്‍ ആരൊക്കെയെന്ന് പരിശോധിക്കുകയാണ് ഇവിടെ :

ഗാബ്രിയേല്‍ ജീസസ്

കഴിഞ്ഞ ലോകകപ്പിലേറ്റ നാണംകെട്ട പരാജയങ്ങള്‍ക്ക് പകരം വീട്ടാന്‍ തന്നെയാണ് കാനറിപ്പട ഇത്തവണ ഇറങ്ങുന്നത്. സൂപ്പര്‍ താരം നെയ്മറും ഡഗ്ലസ് കോസ്റ്റയും റോബര്‍ട്ടോ ഫെര്‍മിനോയും അടങ്ങുന്ന അനുഭവസമ്പന്നരായുള്ള അക്രമനിരയിലെ യുവതുര്‍ക്കിയാണ് ഗാബ്രിയേല്‍ ജീസസ്.

2016ല്‍ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയ ഈ ഇരുപത്തിയൊന്നുകാരന്‍ ഈ സീസണില്‍ അടിച്ചുകൂട്ടിയത് 17 ഗോളുകളാണ്. മുന്നേറ്റനിരയില്‍ വിവിധ പൊസിഷനുകളില്‍ കളിക്കാനാകും എന്നതാണ് ജീസസിന് ബ്രസീലിന്റെ ആദ്യ പതിനൊന്നില്‍ സ്ഥാനമുറപ്പാക്കുന്ന ഘടകം. വേഗതയും മികച്ച ഫിനിഷിങ്ങും കൈമുതലായുള്ള ജീസസിനെ സാക്ഷാല്‍ റൊണാള്‍ഡോ വിശേഷിപ്പിച്ചത് ‘ബ്രസീലിയന്‍ ഫുട്ബോളിന്റെ ഭാവി’ എന്നാണ്. വരുന്ന ലോകകപ്പില്‍ കാനറികളുടെ ജീസസ് കടാക്ഷിക്കും എന്ന് തന്നെയാണ് ബ്രസീലിയന്‍ ആരാധകരുടെയും പ്രതീക്ഷ.

ബെഞ്ചമിന്‍ മെന്‍ഡി
1998ല്‍ ലോകകപ്പ് ജയിച്ച ഫ്രഞ്ച് ടീമിന്റെ ചരടുനീക്കങ്ങള്‍ പലതും ആരംഭിച്ചത് ഇടത് വിങ്ങിലായിരുന്നു. പുള്‍ ബാക്ക് ലിസരസുവും സിദാനും തമ്മിലുള്ള പന്ത് കൈമാറ്റങ്ങള്‍ എതിരാളികള്‍ക്ക് ഭീഷണിയായിരുന്നു. അത്തരത്തിലൊരു പ്ലേമേക്കറാണ് ഇത്തവണ ഫ്രാന്‍സിന്റെ ടീമില്‍ ശ്രദ്ധേയമാകാന്‍ പോകുന്ന ബെഞ്ചമിന്‍ മെന്‍ഡി.

ഫ്രഞ്ച് ലീഗ് ജേതാക്കളായ മോണാകോയുടെ തുറുപ്പ്ചീട്ടായിരുന്നു വേഗതയും കരുത്തും സാങ്കേതിക തികവും കൈമുതലായുള്ള മെന്‍ഡി. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയെങ്കിലും പരുക്ക് കാരണം കുറച്ച് കളികളില്‍ മാത്രമാണ് ഇറങ്ങാനായത്. അറ്റാക്കിങ് സ്വഭാവമുള്ള മെന്‍ഡി ഏതൊരു ടീമിനും ഭീഷണിയാണ്.

മാര്‍ക്കോ അസെന്‍സിയോ

ആന്‍ഡ്രിയസ് ഇനിയെസ്റ്റ, ഇസ്കോ, തിയാഗോ അല്‍കാൻട്ര, കോകെ തുടങ്ങി ഏറ്റവും ശക്തമായൊരു മധ്യനിരയുമായാണ് സ്‌പെയിന്‍ റഷ്യയിലേക്ക് വണ്ടി കയറുക. കുഞ്ഞു പാസുകളില്‍ കളി രൂപപ്പെടുത്തുന്ന ടിക്കി ടാക്കയുടെ തമ്പുരാക്കന്മാര്‍ക്ക് മികച്ച മുതൽക്കൂട്ടാകാന്‍ പോകുന്ന താരമാണ് മാര്‍ക്കോ അസെന്‍സിയോ.

റയല്‍ മാഡ്രിഡിന്റെ ആദ്യ ഇലവനില്‍ സ്ഥിരക്കാരനായി കഴിഞ്ഞ ഈ ഇരുപത്തിരണ്ടുകാരന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡ്, ഫാള്‍സ് 9 റോളുകളിലും തിളങ്ങാനാകും. പാസിങ്ങും വേഗതയും ഷോട്ടുകള്‍ കണ്ടെത്താനുള്ള മിടുക്കുമാണ് ഈ ഇരുപത്തിരണ്ടുകാരനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങള്‍.

ലെറോയ് സനേ
കപ്പ്‌ നിലനിര്‍ത്തുക എന്നത് തന്നെയാകും ജര്‍മനിയുടെ ലക്ഷ്യം. അതിന് പര്യാപ്തമായ ചേരുവകളെല്ലാമുള്ള ടീമാണ് ജര്‍മനി. മികവുറ്റ ഒട്ടേറെ താരങ്ങള്‍ ഉള്ള ജര്‍മന്‍ സ്ക്വാഡില്‍ ഏറെ പ്രതീക്ഷ പുലര്‍ത്താവുന്ന താരമാണ് ലെറോയ് സനേ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിങ്ങുകളില്‍ വേഗത കൂട്ടുന്ന ഇരുപത്തിരണ്ടുകാരന് ഇത് കന്നി ലോകകപ്പാണ്.

ലോകത്തെ ഏറ്റവും മികച്ച താരമാകാനുള്ള കഴിവുണ്ട് സനേയ്ക്ക് എന്നാണ് സിറ്റി മാനേജര്‍ പെപ്പ് ഗാര്‍ഡിയോള വിശേഷിപ്പിച്ചത്. വേഗതയോടൊപ്പം തന്നെ അവസരങ്ങള്‍ ഒരുക്കുന്നതിലുമുള്ള മിടുക്ക് സനേയ്ക്ക് ജര്‍മന്‍ പതിനൊന്നില്‍ ഇടംനേടി കൊടുക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

ഔസ്മാന്‍ ഡംമ്പെലെ
സൂപ്പര്‍ താരം നെയ്മറിന്റെ ക്ലബ് മാറ്റത്തിന് പിന്നാലെ ബാഴ്സലോണ സ്വന്തമാക്കിയ താരമാണ് ഡംമ്പെലെ. ആദ്യ സീസണില്‍ തന്നെ ഈ ഇരുപത്തിയൊന്നുകാരന്‍ ബാഴ്സലോണയില്‍ പുറത്തെടുത്ത കളി മികവ് തന്നെ മതി ഡംമ്പെലെയുടെ മികവ് മനസിലാക്കാന്‍.

കരുത്തും സാങ്കേതിക വേഗതയും കൈമുതലാക്കിയ ഈ മുന്നേറ്റതാരം ഗോളുകള്‍ കണ്ടെത്തുന്നതോടൊപ്പം തന്നെ ഗോളുകള്‍ സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. ഗ്രീസ്മാനും ജിറോഡും അടങ്ങുന്ന അനുഭവസ്ഥരായ മുന്നേറ്റതാരങ്ങള്‍ക്ക് കടുത്ത മൽസരമാകും ഈ യുവതുര്‍ക്കി എന്നതില്‍ സംശയമില്ല.

ടിമോ വേര്‍ണര്‍
ലോകകപ്പ് നിലനിര്‍ത്തേണ്ട ജര്‍മനിയുടെ ഏറ്റവും മികച്ച സ്ട്രൈക്കര്‍ ആരാണ് എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉള്ളൂ. ആര്‍ബി ലെയ്പ്സിഗ് താരം ടിമോ വെര്‍ണര്‍ ആണിത്. കഴിഞ്ഞ രണ്ട് സീസണിലും 22 ഗോളുകള്‍ വീതം നേടിയ ഈ ഇരുപത്തിരണ്ടുകാരന്‍ ജര്‍മനിയുടെ ജഴ്സിയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.

കൃത്യമായ സ്ഥലങ്ങളില്‍ നിന്ന്‍ പന്ത് കണ്ടെത്താനും മികച്ച രീതിയില്‍ ഫിനിഷ് ചെയ്യുവാനും വെര്‍ണറോളം മികവുള്ള താരങ്ങള്‍ വിരളം. ഗോള്‍ സ്കോര്‍ ചെയ്യുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കാനും വെര്‍ണര്‍ മിടുക്കനാണ്.

അലിസണ്‍ ബെക്കര്‍
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ ഞെട്ടിച്ച ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയുടെ വല കാത്തത് അലിസണ്‍ ബെക്കറാണ്. വന്‍കിട ക്ലബ്ബുകളെല്ലാം കണ്ണ് നട്ടിരിക്കുന്ന ആലിസണാകും കാനറികളുടെ വല കാക്കുക.

ഇരുപത്തിയഞ്ചുകാരനായ ആലിസണിന്റെ ആദ്യ ലോകകപ്പാണ് ഇത്. കാനറികളെ ഗോള്‍ വഴങ്ങാതെ കാക്കുന്ന ആലിസണ്‍ ലോകകപ്പിന്റെ കാവലാളാകുമോ എന്ന് കണ്ടറിയാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook