സിഡ്‌നി: ഓസ്‌ട്രേലിയൻ പരമ്പരയ്‌ക്കെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന സിഡ്‌നി ഒളിമ്പിക് പാർക്കിനു സമീപം വിമാനാപകടം. ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിനു 30 കിലോമീറ്റർ അകലെ വിമാനം തകർന്നുവീണു. ക്രോമർ പാർക്കിലാണ് വിമാനം തകർന്നുവീണത്. പ്രാദേശിക സമയം ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് നാലരയോടെയാണ് സംഭവം. അപകടമുണ്ടായ സമയത്ത് ക്രോമർ പാർക്കിൽ പ്രാദേശിക താരങ്ങൾ ക്രിക്കറ്റും ഫുട്‌ബോളും കളിക്കുകയായിരുന്നു. എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ചെറു യാത്രാവിമാനം ക്രോമര്‍ പാര്‍ക്കിനടുത്ത് തകര്‍ന്നുവീഴുകയായിരുന്നു.
BREAKING: A light plane has crashed at Cromer Park. The latest developments in 7NEWS at 6pm. https://t.co/OF81oZFF1j #7NEWS https://t.co/ZAVIWhOWff
— 7NEWS Sydney (@7NewsSydney) November 14, 2020
വിമാനം നിലംപതിച്ചതിനു പിന്നാലെ സംഭവസ്ഥലത്ത് പുക ഉയർന്നു. വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നുവെന്നും പുറത്തെടുക്കുമ്പോള്‍ പലരും ബോധത്തില്‍ തന്നെയായിരുന്നുവെന്നും അപകടസമയത്ത് അവിടെയുണ്ടായിരുന്ന ക്രോമര്‍ ക്രിക്കറ്റ് ക്ലബ്ബ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് റോളിന്‍സ് പറഞ്ഞു. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന വിവരം ലഭ്യമല്ല. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റോളിന്‍സ് പറഞ്ഞു. “വിമാനത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ എല്ലാവർക്കും ഓർമയുണ്ടായിരുന്നു. എന്നാൽ, ചിലർ അത്ര നല്ല അവസ്ഥയിൽ ആയിരുന്നില്ല. വിമാനം വലിയ രീതിയിൽ അപകടത്തിൽപ്പെട്ടു. എന്നാൽ, എല്ലാവരും ജിവനോടെയുണ്ട്. അതുതന്നെ വലിയ കാര്യം,” റോളിന്‍സ് പറഞ്ഞു
അതേസമയം, ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം അംഗങ്ങളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായി. ഇതോടെ പല താരങ്ങളും പരിശീലനവും ആരംഭിച്ചു. ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ അടക്കമുള്ള താരങ്ങളാണ് സിഡ്നിയിൽ ആദ്യ ദിവസം പരിശീലനത്തിനിറങ്ങിയത്. സ്‌പിന്നർമാരായ കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, പേസർ ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, ചേതേശ്വർ പൂജാര എന്നിവരും ആദ്യ ദിവസം വാംഅപ്പിനിറങ്ങി. ആദ്യ കോവിഡ് ഫലം നെഗറ്റീവാണെങ്കിലും താരങ്ങൾ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതുണ്ട്.
മൂന്ന് വീതം ഏകദിന – ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. അതേസമയം, ഓസിസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓസീസ് പര്യടനത്തിൽ നിന്ന് പൂർണമായി രോഹിത്തിനെ ഒഴിവാക്കിയിരുന്നു. പരുക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ ബിസിസിഐ ഓസീസ് പര്യടനത്തിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചത്.