മാഡ്രിഡ്: സ്‌പെയിനിലെ കറ്റലോണിയന്‍ പ്രവിശ്യയില്‍ നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടത്തിന്റെ അലയൊലികള്‍ സ്‌പെയിനിന്റെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളേയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. കറ്റലോണിയയെ പിന്തുണയ്ക്കുന്ന സ്‌പെയിന്‍ ദേശീയ താരം ജെറാള്‍ഡ് പിക്വേയ്‌ക്കെതിരായ സ്പാനിഷ് ദേശീയ വാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടീമിന്റെ പരിശീലന സെഷന്‍ നിര്‍ത്തിവച്ചു.

വെള്ളിയാഴ്ച അല്‍ബേനിയക്ക് എതിരെയാണ് സ്‌പെയിനിന്റെ അടുത്ത ലോകകപ്പ് യോഗ്യതാമത്സരം. മാഡ്രിഡിന് നഗരത്തിന് സമീപമുള്ള ലാറസാസിലായിരുന്നു സ്‌പെയിന്‍ ടീമിന്റെ പരിശീലനം. ട്രെയിനിങ് തുടങ്ങി അല്‍പ്പസമയത്തിനകം ഒരുകൂട്ടം സ്പാനിഷ് ദേശീയ വാദികള്‍ ജെറാള്‍ഡ് പിക്വേയ്ക്ക് എതിരെ പ്രതിഷേധമാരംഭിക്കുകയായിരുന്നു.

കറ്റലോണിയയുടെ സ്വാതത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന പിക്വേയുടെ പരസ്യ പ്രതികരണമാണ് ആരാധകരെ ചൊടിപ്പിച്ചത്. കറ്റലോണിയയുടെ പതാകയുടെ നിറത്തിലുള്ള ജഴ്‌സി ധരിച്ചുനില്‍ക്കുന്ന ചിത്രവും പിക്വേ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. പിക്വേ കടക്കുപുറത്ത് എന്ന പ്ലക്കാര്‍ഡുകളുമായി സ്പാനിഷ് ആരാധകര്‍ പ്രതിഷേധം ശക്തമാക്കിയതോടെ കോച്ച് ജൂലിയന്‍ ലോപെട്ടൊഗ്വി 20 മിനിട്ടുകള്‍ക്ക് ശേഷം പരിശീലനം നിര്‍ത്തിവയ്ക്കുകയായിരുന്നു.

എന്നത്തേക്കാളുമേറെ ഒരു കറ്റാലനാണെന്ന വികാരം ഇന്ന് തന്റെ ഉള്ളിൽ ഇരച്ചു പൊന്തുന്നുവെന്നാണ് ജെറാഡ് പിക്വെ പറഞ്ഞത്. പ്രതിഷേധക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബാർസ അടച്ചിട്ട സ്റ്റേഡിയത്തിൽ മൽസരം നടത്തിയ ശേഷമാണ് ക്ലബിന്റെ ഔദ്യോഗിക പേജിൽ താരത്തിന്റെ വാക്കുകൾ പ്രത്യക്ഷപ്പെട്ടത്.

”ഞാൻ ഒരു കറ്റാലനാണ്. കാറ്റലോണിയക്കാരുടെ സ്വഭാവത്തിൽ അഭിമാനിക്കുന്നു. വോട്ട് ചെയ്യുകയെന്നത് അവകാശമാണ്. ഈ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നു” പിക്വെ പറഞ്ഞു. തന്റെ കാഴ്ചപ്പാട് പ്രശ്നങ്ങളുണ്ടാക്കുമെങ്കിൽ ദേശീയ ടീമിൽ നിന്ന് പിന്മാറാനും ഒരുക്കമാണെന്ന് ഈ സെൻട്രൽ ഡിഫൻഡർ പറയുന്നു. താൻ കരുതുന്നത് ദേശീയ ടീമിൽ തുടരാനാകുമെന്നാണ്. കാരണം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഭൂരിഭാഗവും കാറ്റലോണിയൻ പ്രതിഷേധത്തെ നേരിട്ട രീതി തെറ്റാണെന്നു കരുതുന്നു. പക്ഷേ, ബോർഡിന് താനൊരു പ്രശ്നമായി തോന്നുകയാണെങ്കിൽ 2018ന് മുമ്പു തന്നെ ദേശീയ ടീമിൽ നിന്ന് പിന്മാറുമെന്ന് പിക്വെ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ