പ്രളയം ദുരന്തം വിതച്ച കേരളത്തിന് ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും സഹായഹസ്തങ്ങൾ ഇപ്പോഴും നീളുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ലോകവും കേരള ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് ഒപ്പമുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് വിജയം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സമർപ്പിച്ചത് കേരളത്തിന്. മൂന്നാം ടെസ്റ്റിന് ലഭിച്ച മാച്ച് ഫീ എല്ലാ ടീം അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് വീണ്ടും ഇന്ത്യൻ ടീം കേരള ജനതയ്ക്ക് കൈതാങ്ങായി.

വിരാട് കോഹ്‌ലിയുടെയും ഇന്ത്യൻ ടീം അംഗങ്ങളുടെയും നല്ല മനസ്സിന് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞിട്ടുണ്ട്. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് വിജയം കേരള ജനതയ്ക്ക് സമർപ്പിച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കും ഇന്ത്യൻ ടീമിനും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഇംഗ്ലണ്ടിനെ 203 ന് തകര്‍ത്തിന് ശേഷം പ്രസന്റേഷനില്‍ സംസാരിക്കുമ്പോഴാണ് കോഹ്‌ലി ടെസ്റ്റ് വിജയം കേരളത്തിന് സമർപ്പിച്ചത്. ടീമെന്ന നിലയില്‍ ഈ വിജയം കേരളത്തിലുണ്ടായ പ്രളയത്തിന്റെ ഇരകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നാണ് വിരാട് പറഞ്ഞത്. ”ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഈ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയൊരു കാര്യമാണിത്. വളരെ മോശം സമയമാണ് അവിടെ ഇപ്പോള്‍,” എന്നായിരുന്നു വിരാട് പറഞ്ഞത്. കൈയ്യടിയോടെയാണ് കാണികള്‍ വിരാടിന്റെ വാക്കുകള്‍ സ്വീകരിച്ചത്.

Read More: ‘ഈ വിജയം നിങ്ങള്‍ക്കുള്ളതാണ്’; ടെസ്റ്റ് വിജയം കേരളത്തിന് സമര്‍പ്പിച്ച് വിരാട് കോഹ്‌ലി

ഇതിനു പിന്നാലെ മാച്ച് ഫീ ഇന്ത്യന്‍ ടീം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തങ്ങള്‍ക്ക് ലഭിച്ച മാച്ച് ഫീ എല്ലാവരും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത്. ഒരു താരത്തിന് 15 ലക്ഷം വീതമാണ് മാച്ച്. ഏതാണ്ട് രണ്ട് കോടിയോളം വരും മൊത്തം തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കും താരങ്ങള്‍ പണം സംഭാവന നല്‍കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook