ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനാണ് സൗരവ് ഗാംഗുലി. വിദേശ മണ്ണിൽ ഇന്ത്യയെ വിജയിക്കാൻ പ്രേരിപ്പിച്ച നായകൻ, പഠിപ്പിച്ച നായകൻ. ഒരു കാലഘട്ടത്തിൽ ഇന്ത്യയിൽ ക്രിക്കറ്റിനോടുള്ള ആളുകളുടെ പ്രിയം കുറഞ്ഞുവന്ന സമയത്ത് ഗാംഗുലിയും സംഘവും സമ്മാനിച്ച നേട്ടങ്ങളും വിജയങ്ങളുമാണ് ആരാധകരെ ക്രിക്കറ്റിലേക്ക് മടക്കികൊണ്ടുവന്നത്.

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വാതുവയ്പ്പ് വിവാദത്തിന് ശേഷമാണ് ഗാംഗുലി ഇന്ത്യൻ നായകനാകുന്നത്. ശരിക്കും പറഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചടുത്തോളം അതു ഇരുണ്ട ദിനങ്ങളായിരുന്നു. എടുത്ത് പറയാൻ നേട്ടങ്ങളൊന്നും ടീമിനില്ലാത്ത സമയം, ആവശ്യത്തിലധികം വിവാദവും. എന്നാൽ നാറ്റ്‌വെസ്റ്റ് ട്രോഫി ജയത്തോടെ ഗാംഗുലി ഒരുകൂട്ടം യുവനിരയുമായി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റാനുള്ള യാത്രയ്ക്ക് തുടക്കമിടുകയായിരുന്നു.

Also Read: വൈറ്റ് ബോളിൽ ഗാംഗുലിയേക്കാൾ മികച്ച നായകൻ ധോണി തന്നെ: ഗംഭീർ

അതേസമയം നായകനിലേക്കുള്ള ഗാംഗുലിയുടെ കടന്നുവരവ് അത്ര എളുപ്പവും സ്വാഭാവികവും അല്ലെന്നാണ് മുൻ സെലക്ടർ അശോക് മൽഹോത്ര പറയുന്നത്. ഇന്ത്യൻ നായകൻ പോയിട്ട് ഉപനായകനായി പോലും ഗാംഗുലിയെ പരിഗണിക്കുന്നതിന് എതിർപ്പുകളുണ്ടായിരുന്നുവെന്ന് മൽഹോത്ര പറഞ്ഞു. സച്ചിന്റെ കീഴിൽ ഉപനായകനാകാൻ നിരവധി താരങ്ങൾ പട്ടികയിലുണ്ടായിരുന്നു എന്ന് മാത്രമല്ല മുഖ്യപരിശീലകന്റെ ഉൾപ്പടെ എതിർപ്പുകളും സെലക്ടർമാരെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

“എന്റെ ഓർമ്മ ശരിയാണെങ്കിൽ സൗരവ് ഗാംഗുലിയെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത് കഠിനമായ ജോലിയായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ കൊൽക്കത്തയിൽ തിരഞ്ഞെടുത്തു. എന്നാൽ കോച്ച് അതിനെ എതിർത്തു. അദ്ദേഹം ധാരാളം കോക്ക് കുടിക്കുമെന്നും ഡബിൾസെടുക്കാതെ സിംഗിൾസ് മാത്രമാണ് ഓടുന്നത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വാദം.”

Also Read: കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങൾക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീർ

ഗാംഗുലി നായകനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലായെന്നും അദ്ദേഹം പറഞ്ഞു. സച്ചിൻ നായകസ്ഥാനം ഒഴിഞ്ഞതോടെ പിന്നെ മുതിർന്ന താരങ്ങളായി അനിൽ കുംബ്ലെയും അജയ് ജഡേജയുമുണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ട് ഗാംഗുലി എന്ന് മറ്റുള്ളവരോട് പറഞ്ഞ് മനസിലാക്കുകയും പ്രയാസമായിരുന്നു.

ഗാംഗുലിയെ നായകനാക്കുന്നത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ബിസിസിഐ പ്രസിഡന്റ് സെലക്ഷൻ പ്രക്രിയയിലേക്ക് എത്തി. ചരിത്രത്തിലാദ്യമായായിരുന്നു അത്തരം ഒരു സംഭവം. എന്നാൽ ഞങ്ങൾ രണ്ട് സെലക്ടർമാർ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നുവെന്നും അശോക് മൽഹോത്ര പറഞ്ഞു. ഇന്ന് അദ്ദേഹം ഒരു ഇതിഹാസ നായകനാണെന്നും എന്നാൽ അന്ന് അദ്ദേഹത്തെ നായകനാക്കാനും ഉപനായകനാക്കാനും തങ്ങൾ ഏറെ കഠിനമായി പ്രവർത്തിക്കേണ്ടി വന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook