ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ പ്രത്യേക അഭിനന്ദന സമ്മാനം. മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാന് ലോകകപ്പും നേടിക്കൊടുത്ത ഇമ്രാന്‍ ഖാന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഒപ്പിട്ട ബാറ്റാണ് സമ്മാനമായി നല്‍കിയത്.

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയാണ് ബാറ്റ് സമ്മാനിച്ചത്. ഇമ്രാൻ ഖാൻ ഈ മാസം 18ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു ശേഷം ഉടലെടുത്ത അനിശ്ചിതത്വം നീക്കിയാണ് ഈ മാസം 18ന് ഇമ്രാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനം എത്തിയിരിക്കുന്നത്. ജൂലൈ 25നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.

സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ സർക്കാരുണ്ടാക്കാൻ പിടിഐ അന്നുമുതൽ ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി താൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കു വിദേശനേതാക്കളെയും താരങ്ങളെയും ക്ഷണിക്കേണ്ടതില്ലെന്ന് ഇമ്രാൻ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചടങ്ങ് ലളിതമായിരിക്കണമെന്നും ഇമ്രാൻ താൽപര്യം പ്രകടിപ്പിച്ചു.

ഇമ്രാന്‍ ഖാന്റെ വിജയത്തോട് നല്ല രീതിയിലാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്. വികസനം മുന്‍നിര്‍ത്തിയുള്ള ഇമ്രാന്‍ ഖാന്റെ വാഗ്‌ദാനങ്ങള്‍ക്ക് ഇന്ത്യയുടെ സഹകരണം കൂടി ആവശ്യമുണ്ട്. അതുകൊണ്ട് ബന്ധം മെച്ചപ്പെടുമെന്നാണ് സൂചന. ദക്ഷിണേഷ്യയിലെ വികസനവും സമാധാനത്തെയും കുറിച്ചാണ് ഇമ്രാന്‍ ഖാനോട് മോദി സംസാരിച്ചത്. നേരിട്ട് വിളിച്ച് അഭിനന്ദിച്ചെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook