ബാഴ്‌സലോണ: നെയ്‌മർ ടീം വിട്ട് പോയതിന്റെ വിടവ് നികത്താൻ ബാഴ്‌സ റെക്കോർഡ് തുകയ്ക്ക് ഫിലിപ് കുട്ടിഞ്ഞോയെ സ്വന്തമാക്കി. ലിവർ‌പൂളിന്റെ മിഡ്‌ഫീൽഡറായ കുട്ടിഞ്ഞോയെ 142 ദശലക്ഷം യൂറോയ്ക്കാണ് ബാഴ്സ സ്വന്തമാക്കിയത്.

അഞ്ചര വർഷത്തെ കരാറിലാണ് കൈമാറ്റം. ഇതോടെ കുട്ടിഞ്ഞോയ്ക്ക് ഏതാണ്ടി 1080 കോടി വരുമാനം ലഭിക്കും. ലോകത്തെ ഏറ്റവും അധികം വരുമാനം ഉള്ള രണ്ടാമത്തെ ഫുട്ബോളറാകാനും കൊടിനോയ്ക്ക് സാധിക്കും.

വരുമാനത്തിൽ ബ്രസീലിയൻ താരം നെയ്മറാണ് ഒന്നാമത്. ബാഴ്‌സയില്‍ നിന്നു പിഎസ്ജിയിലേക്ക് 1600 കോടി രൂപയുടെ കരാറിലാണ് നെയ്മര്‍ പോയത്. കുട്ടിഞ്ഞോയുമായി കരാർ ഒപ്പിട്ട കാര്യം ബാഴ്സലോണ എഫ്സി സ്ഥിരീകരിച്ചു.

ഇരുപത്തഞ്ചുകാരനായ കുട്ടിഞ്ഞോ കഴിഞ്ഞ രണ്ടു കളികളില്‍ ലിവര്‍പൂളിനു വേണ്ടി ഇറങ്ങിയിരുന്നില്ല. പരുക്ക് മൂലമാണ് താരം മാറി നില്‍ക്കുന്നതെന്നായിരുന്നു പരിശീലകന്‍ ഇതിനു നല്‍കിയ വിശദീകരണം. എന്നാൽ ബാഴ്സയുമായുള്ള ചർച്ചകളെ തുടർന്നാണ് ഈ മാറ്റമെന്ന് ഇപ്പോൾ വ്യക്തമായി.

ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഔസ്മാന്‍ ഡെംബേലെയെ ബാഴ്സ വാങ്ങിയിരുന്നു. ഡെംബലെയ്ക്ക് വേണ്ടി ചിലവഴിച്ച ട്രാന്‍സ്ഫര്‍ തുകയെ മറികടക്കുന്നതാണ് ബാഴ്‌സയുടെ പുതിയ കരാര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ