കാൽപന്തുകളിയിലെ കളിമികവ് കൊണ്ട് കോടീശ്വരൻമാരായ ഫുട്ബോൾ താരങ്ങൾ നിരവധിയാണ്. മൈതാനത്ത് വിയർപ്പൊഴുക്കി അടവുകൾ പഠിച്ചവർ പ്രശസ്തിയുടെ പരകോടിയിലും എത്തി. ഫുട്ബോളിനോടുളള പ്രണയം വിവിധ ക്ലബുകളുടെ തുടക്കത്തിന് കാരണമായി. വാണിജ്യ സാധ്യത കണക്കിലെടുത്ത് വ്യവസായ ഭീമൻമാർ ക്ലബുകളെ ഏറ്റെടുത്തതോടെ ഫുട്ബോൾ ആഗോളതലത്തിൽ പ്രശസ്തി നേടി. താരങ്ങളുടെ പേരിൽ ക്ലബുകൾ അറിയാപ്പെടാൻ തുടങ്ങിയ സവിശേഷ സാഹചര്യം രൂപപ്പെട്ടതോടെ താരവിപണി സജീവമായി.
പൊന്നുംവിലകൊടുത്ത് സൂപ്പർ താരങ്ങളെ തങ്ങളുടെ പാളയത്തിൽ എത്തിക്കുന്ന ശൈലി സ്പാനിഷ് ഭീമൻമാരായ റയൽ മാഡ്രിഡാണ് തുടങ്ങിവെച്ചത്. ഡേവിഡ് ബെക്കാം,സിദാൻ,കാർലോസ്, റൊണാൾഡോ തുടങ്ങിയ സൂപ്പർ താരങ്ങളെ അണിനിരത്തി റയൽ ലോകത്തെ അമ്പരപ്പിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷ് ക്ലബുകളും ഇറ്റാലിയൻ ക്ലബുകളും താരങ്ങൾക്കായി പണമൊഴുക്കി. ഒടുവിൽ താരപകിട്ടിന് പ്രാധാന്യം നൽകി ചൈനീസ് ക്ലബ്ബുകളും താരങ്ങൾക്കായി പണം എറിഞ്ഞ് ലോകത്തെ ഞെട്ടിച്ചു.
കാലങ്ങൾ കടന്നുപോകുമ്പോൾ താരങ്ങളുടെ മൂല്യവും വർധിച്ച് വരികയാണ്. കോടികൾ മുടക്കി ബ്രസീൽ താരം നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത് വരെ എത്തി നിൽക്കുന്നു താരവിപണിയിലെ അദ്ഭുത നീക്കങ്ങൾ.
10. വെർജിൽ വാൻ ഡൈക്ക് ( സതാംപ്ടൺ – ലിവർപൂൾ)
ഒരു പ്രതിരോധനിര താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഡച്ചുകാരനായ വെർജിൽ വാൻ ഡൈക്കിന് ലഭിച്ചത്. ഇംഗ്ലീഷ് പ്രമിയർ ലീഗിലെ സതാംപ്ടൺ ക്ലബിൽ നിന്നാണ് ലിവർപൂൾ വെർജിൽ വാൻ ഡൈക്കിനെ സ്വന്തമാക്കുന്നത്.
9. റൊമെയു ലുക്കാക്കു ( എവർട്ടൺ – മാഞ്ചസ്റ്റർ യുണൈറ്റഡ് )
ബെൽജിയൻ സ്ട്രൈക്കർ റൊമേയു ലുക്കാക്കുവിനെ സ്വന്തമാക്കാൻ 85 മില്യൺ യൂറോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുടക്കിയത്. ചെൽസിയിൽ നിന്ന് 35 മില്യൺ യൂറോയ്ക്ക് എവർട്ടണിൽ എത്തിയ ലുക്കാക്കുവിന് ഇരട്ടയിൽ അധികം തുകയാണ് യുണൈറ്റഡ് മുടക്കിയത്. പ്രിമിയർ ലീഗിലെ പ്രധാന ഗോൾവേട്ടക്കാരിൽ ഒരാളായി ലുക്കാക്കു മാറിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി ഇത്രയും തുകമുടക്കിയത്.
8. നെയ്മർ ജൂനിയർ (സാന്റോസ് – ബാഴ്സിലോണ)
2013ൽ അദ്ഭുത താരം നെയ്മറിനെ സ്വന്തമാക്കാൻ 88.2 മില്യൺ യൂറോയാണ് ബാഴ്സിലോണ മുടക്കിയത്. നെയ്മറിനെ സ്വന്തമാക്കാനുള്ള റയൽ മാഡ്രിഡിന്റേയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ശ്രമങ്ങളാണ് ബാഴ്സ പണമൊഴുക്കി തടുത്തത്.
7. ഗോൾസാലോ ഹിഗ്വയിൻ (നാപോളി – യുവന്റസ് )
90 മില്യൺ യൂറോയ്ക്കാണ് ഇറ്റാലിയൻ ഭീമൻമാരായ യുവന്റസ് സ്ട്രൈക്കറായ ഗോൺസാലോ ഹിഗ്വയിനെ ടീമിൽ എത്തിക്കുന്നത്. നാപ്പോളിക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഹിഗ്വയിൻ ഇറ്റാലിയൻ ലീഗിലെ ടോപ് സ്കോററായിരുന്നു.
6. ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈഡ് – റയൽ മാഡ്രിഡ് )
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുപ്പായത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോടികൾ വാഗ്ദാനം ചെയ്ത് റയൽ മാഡ്രിഡ് എത്തിയത്. അലക്സ് ഫെർഗൂസനോട് ചർച്ച നടത്തിയ ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലേക്ക് ചേക്കേറിയത്. 94 മില്യൺ യൂറോയ്ക്കാണ് റൊണാൾഡോ റയലിലേക്ക് ചേക്കേറിയത്.
5. ഗാരത് ബെയ്ൽ ( ടോട്ടൻഹാം – റയൽ മാഡ്രിഡ്)
താരകൈമാറ്റത്തിൽ 100 മില്യൺ യൂറോ സ്വന്തമാക്കുന്ന ആദ്യ താരമാണ് ഗാരത് ബെയ്ൽ. 2013ലാണ് 100 മില്യൺ യൂറോയ്ക്ക് വെയിൽസ് താരം ഗാരത് ബെയ്ൽ റയൽ മാഡ്രിഡിൽ എത്തുന്നത്. ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാമിന് വേണ്ടി ബെയ്ൽ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് റയലിനെ ആകർഷിച്ചത്.
4. പോൾ പോഗ്ബ (യുവന്റസ് – മാഞ്ചസ്റ്റർ യുണൈറ്റഡ്)
മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൈവിട്ട താരമാണ് ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ. അലക്സ് ഫെർഗൂസന്റെ വിരമിക്കലോടെ കിരീട വരൾച്ച നേരിട്ടതോടെയാണ് യുണൈറ്റഡ് തങ്ങളുടെ പഴയ അക്കാദമി താരത്തെ പൊന്നുംവില മുടക്കി ടീമിലേക്ക് എത്തിച്ചത്. ഇറ്റാലിയൻ ക്ലബ് യുവന്റസിൽ നിന്നും 105 മില്യൺ യൂറോയ്ക്കാണ് പോഗ്ബ യുണൈറ്റഡിലേക്ക് എത്തിയത്. സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിരക്കാരൻ എന്ന ഖ്യാതി നേടിയ താരമാണ് പോഗ്ബ.
3. ഉസ്മാൻ ഡെംബേല ( ബൊറൂസിയ ഡോർട്ട്മുണ്ട് – ബാഴ്സിലോണ)
ഒരു കൗമാരതാരത്തിനന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഫ്രഞ്ച് താരം ഉസ്മാൻ ഡെംബേലെയ്ക്ക് വേണ്ടി ബാഴ്സിലോണ മുടക്കിയത്. 105 മില്യൺ യൂറോയ്ക്കാണ് ഡെംബേലയെ ബൊറൂസിയ ഡോട്ട്മുണ്ടിൽ നിന്ന് ബാഴ്സ സ്വന്തമാക്കിയത്. മിന്നൽ വേഗതയും ഡ്രിബിളിങ് മികവും മതിയാവോളമുള്ള ഡെംബേലെ വരുംതലമുറയുടെ താരമെന്നാണ് വിശേഷിക്കപ്പെടുന്നത്.
2. ഫിലിപ്പ് കുട്ടീഞ്ഞോ (ലിവർപൂൾ – ബാഴ്സിലോണ)
160 മില്യൺ യൂറോ മുടക്കിയാണ് ബാഴ്സിലോണ ഇന്നലെ ഫിലിപ്പ് കുട്ടീഞ്ഞോയെ സ്വന്തമാക്കിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായ കുട്ടീഞ്ഞോ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിൽ നിന്നാണ് ബാഴ്സയിലേക്ക് എത്തുന്നത്. നെയ്മറെ നഷ്ടപ്പെട്ട വിടവ് നികത്താൻവേണ്ടിയാണ് ബാഴ്സ ബ്രസീലിൻ താരം കുട്ടീഞ്ഞോയെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുന്നത്. ബാഴ്സിലോണയുടെ കേളി ശൈലിക്ക് ഇണങ്ങുന്ന താരമാണ് കുട്ടിഞ്ഞോ.
1. നെയ്മർ ജൂനിയർ (ബാഴ്സിലോണ – പിഎസ്ജി)
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക നേടിയത് ബ്രസീലയൻ താരം നെയ്മർ ജൂനിയറാണ്. ബാഴ്സിലോണയിൽ നിന്ന് നെയ്മറെ സ്വന്തമാക്കാൻ 222 മില്യൺ യൂറോയാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി മുടക്കിയത്. ബാഴ്സയിൽ മെസിയുടെ നിഴലിൽ നിന്ന് പുറത്തേക്ക് വരാൻ വേണ്ടിയാണ് നെയ്മർ ക്ലബ് വിട്ടത്.