ബ്രസീലിയൻ താരം നെയ്മർ ക്ലബ് വിട്ടതിന്രെ നിരാശയിൽ കഴിയുന്ന ബാഴ്സിലോണ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത. നെയ്മറിന്രെ പകരക്കാരനായി മറ്റൊരു ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോ ഉടൻ ബാഴ്സിലോണയിൽ എത്തുമെന്നാണ് സൂചന. സ്വന്തം ക്ലബിന്റെ നിരന്തരമായ എതിര്‍പ്പ് അവഗണിച്ച് കൗട്ടീന്യോ ലിവര്‍പൂളിനോട് ക്ലബ് വിടാനുളള ആഗ്രഹം അറിയിച്ച് കഴിഞ്ഞു. ഒദ്യോഗികമായി കുട്ടീഞ്ഞോ ട്രാൻസ്ഫർ അപേക്ഷ നൽകി കഴിഞ്ഞു. സ്‌കൈ സ്‌പോട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൗട്ടീന്യോ ലിവര്‍പൂളില്‍ തന്നെ തുടരുമെന്ന് ലിവര്‍പൂള്‍ അധികൃതരും കോച്ച് ജോര്‍ഗണ്‍ ക്ലോപ്പും വ്യക്തമാക്കിയതിന് പിന്നാലെയാണ് തനിക്ക് ബാഴ്‌സയിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്ന് ബ്രസീലിയന്‍ താരം തുറന്നടിച്ചത്.
കഴിഞ്ഞ ദിവസമാണ് കൗട്ടീന്യോ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് റൂമറുകള്‍ പ്രചരിക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി ലിവര്‍പൂള്‍ പരിശീലകന്‍ ജോര്‍ഗന്‍ ക്ലോപ്പ് രംഗത്ത് വന്നത്. ഫിലപ്പ് കൗട്ടീന്യോ ലിവര്‍പൂളിന്റെ വിലമതിക്കാനാകാത്ത താരമാണെന്നാണ് ക്ലോപ്പ് പ്രഖ്യാപിച്ചത്. സ്‌കൈ ജര്‍മനിയോടാണ് ലിവര്‍പൂള്‍ കോച്ച് ഇക്കാര്യം തുറന്ന് പറഞ്ഞത്.

നേരത്തെ ബാഴ്‌സലോണ കൗട്ടീന്യോയ്ക്കായി 100 മില്യണ്‍ യൂറോയുടെ ഓഫര്‍ ചെയ്തെങ്കിലും ലിവര്‍പൂള്‍ തള്ളുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ 85 മില്യണ്‍ യൂറോയും പിന്നീട് 15 മില്യണ്‍ യൂറോയും ആണ് ബാഴ്‌സലോണ കൗട്ടീന്യോയ്ക്കായി വാഗ്ധാനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ കൗട്ടീന്യോയ്ക്കായി ബാഴ്‌സ ഓഫര്‍ ചെയ്ത 72 മില്യണ്‍ യൂറോ ലിവര്‍പൂള്‍ തള്ളിയതിനെ തുടര്‍ന്നാണ് താരത്തിനായി പുതിയ ഓഫര്‍ ബാഴ്‌സലോണ വെച്ചുനീട്ടിയത്.

ഇതിനിടെ ബോറൂസിയ ഡോട്ട്മുണ്ട് താരമായ ഉസ്മാൻ ഡെംബേലയെ ടീമിലെത്തിക്കാനും ബാഴ്സിലോണ ശ്രമിക്കുന്നുണ്ട്. പരിശീലനത്തിൽ പങ്കെടുക്കാത്തതിന് ഡെംബേലയെ കഴിഞ്ഞ ദിവസം ബോറൂസിയ ഡോർട്ട്മുണ്ട് സസ്പെൻഡ് ചെയ്തിരുന്നു. ഈ അവസരം മുതലാക്കി കൗമാരതാരം ഡെംബേലയെ സ്വന്തമാക്കാനാണ് ബാഴ്സിലോണയുടെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ