ചാംമ്പ്യന്‍സ് ലീഗില്‍ ഇനി അടുത്ത കാലത്തൊന്നും മറക്കാത്ത പരാജയം സ്പാർട്ടക് മോസ്കോയ്ക്ക് സമ്മാനിച്ച് ലിവർപൂൾ. എതിരില്ലാത്ത ഏഴ് ഗോളിനാണ് റഷ്യൻ ടീമിനെ ലിവർപൂൾ തോൽപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ മറ്റൊരു മത്സരത്തിൽ ബൊറീസിയ ഡോട്ട്മുണ്ടിനെ റയൽ മാഡ്രിഡും, അപ്പോയൽ എഫ്സിയെ ടോട്ടനവും തോൽപ്പിച്ചു.

ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ലിവർപൂൾ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെവിയ്യയും യോഗ്യത നേടി. ഫിലിപ് കുട്ടിഞ്ഞോയുടെ ഹാട്രികിന് പുറമേ മാനെയുടെ ഇരട്ട ഗോളും ഫിർമിനോ, സലാഹ് എന്നിവരുടെ ഗോളുകളും ലിവർപൂൾ വിജയത്തിന് മിഴിവേകി.

ശക്തമായ മത്സരം കാഴ്ചവച്ചാണ് ബൊറീസിയ ഡോട്ടമുണ്ട് പരാജയം സമ്മതിച്ചത്. ബോര്‍ജ മയോറാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരിലൂടെ തുടക്കത്തിലെ റയല്‍ ലീഡ് നേടിയെങ്കിലും ഒബമയാങ്ങിന്റെ ഇരട്ട ഗോളിലൂടെ ബൊറൂസിയ സമനില പിടിച്ചു.

81-ാം മിനിറ്റില്‍ ലൂക്കാസ് വാസ്ക്കസ് റയലിന്റെ രക്ഷകനായി. എന്നാൽ അനായാസ വിജയമാണ് ടോട്ടനം നേടിയത്. അപ്പോയ്‌ല എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടോട്ടനം തകർത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ