ബാഴ്സലോണ: മാഞ്ചസ്റ്റർ സിറ്റി മുഖ്യ പരിശീലകൻ പെപ് ഗാർഡിയോളയുടെ മാതാവ് ഡൊളോസ് സാല കാരിയോ, കോവിഡ്-19 ബാധയെത്തുടർന്ന് മരിച്ചു. 82 വയസ്സായിരുന്നു. ബാഴ്സലോണയ്ക്കടുത്തുള്ള മൻറേസയിൽ വച്ചായിരുന്നു മരണമെന്ന് മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. ഈ ദുർഘടമായ സാഹചര്യത്തിലുണ്ടായ മരണത്തിൽ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരും സഹതാപം പ്രകടിപ്പിക്കുന്നതായി സിറ്റിയുടെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.

2016ലാണ് ഗാർഡിയോള സിറ്റി പരിശീലകനായി ചുമതലയേറ്റത്. ബാഴ്സലോണയുടേയും ബയേൺ മ്യൂണിക്കിന്റെയും പരിശീലകനായി പ്രവർത്തിച്ച ശേഷമാണ് പെപ് സിറ്റിയിലെത്തിയത്.

Also Read: ഭാജിയും ഗീതയും ചേർന്ന് 5000 കുടുംബങ്ങൾക്ക് റേഷൻ; പിഎം കെയേഴ്സ് ഫണ്ടിലേക്ക് അരക്കോടി സംഭാവന ചെയ്ത് യുവി

ബാഴ്സയും ബയേണും മരണത്തിൽ അനുശോചനമറിയിച്ചു. പ്രയാസമേറിയ ഈ സമയത്തെ മരണത്തിൽ അഗാധമായി ദുഖിക്കുന്നതായും ഗാർഡിയോളയ്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായും ബാഴ്സ പ്രതികരിച്ചു.

പ്രിയപ്പെട്ട പെപ്, ക്ലബ്ബിലെ എല്ലാവരും താങ്കൾക്കും കുടുംബത്തിനുമൊപ്പം അനുശോചിക്കുന്നുവെന്ന് ബയേൺ ട്വീറ്റ് ചെയ്തു.

സ്പെയിനിലെ കോവിഡ് പ്രതിരോധ പ്രവർത്തിനായി 10 ലക്ഷം യൂറോ കഴിഞ്ഞ മാസം ഗാർഡിയോള സംഭാവന നൽകിയിരുന്നു. രാജ്യത്ത് ഇതുവരെ 13,169 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണസംഖ്യയിൽ ഇറ്റലിക്ക് പിറകിൽ രണ്ടാമതാണ് സ്പെയിൻ.അതേസമയം സ്പെയിനിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ കോവിഡ് മരണങ്ങൾ മുൻ ദിവസങ്ങളേതിനേക്കാൾ കുറഞ്ഞതായാണ് കണക്കുകൾ.

Also Read: യുവാക്കളിൽ രോഗബാധ നിരക്ക് വർധിക്കുന്നത് ആശങ്കാജനകം; കഴിഞ്ഞ 24 മണിക്കൂറിനിടെ 32 മരണം

135,032 പേർക്കാണ് സ്പെയിനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 40, 437 പേർ രോഗമുക്തി നേടി. 1,292,564 പേർക്കാണ് ഇതുവരെ ലോകത്താകെ കോവിഡ് സ്ഥിരീകരിച്ചത്. യുഎസ് ആണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 338,995 പേർക്ക് യുഎസിൽ രോഗബാധ സ്ഥിരീകരിച്ചു. രണ്ട് ലക്ഷത്തിലധികം കോവിഡ് ബാധിതരുള്ള ഏക രാജ്യവും യുഎസാണ്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതാണ് സ്പെയിൻ. ഇറ്റലിയാണ് മൂന്നാമത്. 128, 984 പേർക്ക് രാജ്യത്ത് കോവിഡ് കണ്ടെത്തി. ഇതിൽ 15887 പേർ മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook