മാഞ്ചസ്റ്റർ: ക്ലബ് ഫുട്ബോൾ ചരിത്രത്തിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ സുവർണ്ണ നേട്ടങ്ങളാണ് ബാഴ്‌സിലോണ സ്വന്തമാക്കിയത്. എന്നാൽ കാറ്റലോണിയൻ മണ്ണിലേക്ക് പരിശീലകവേഷത്തിൽ മടങ്ങി വരില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പെപ് ഗ്വാർഡിയോള. ബാഴ്സിലോണയിൽ തന്റെ യുഗം അവസാനിച്ചതാണെന്നും ഗ്വാർഡിയോള മാധ്യമങ്ങളോട് പറഞ്ഞു. ബാഴ്സിലോണയുടെ നിലവിലെ മോശം പ്രകടനത്തെപ്പറ്റി ആരാഞ്ഞാപ്പോഴായിരുന്നു ഗ്വാർഡിയോളയുടെ മറുപടി.

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ് ബാഴ്സിലോണ തന്നെയാണെന്നും വലിയ തോൽവികളിൽ നിന്നും കരകയകറാനുള്ള മനോബലം അവർക്ക് ഉണ്ട് എന്നും പെപ് ഗ്വാർഡിയോള പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം പിഎസ്ജിയോട് ബാഴ്സ തോറ്റതിന്റെ പശ്ചാത്തലത്തിലാണ് ഗ്വാർഡിയോളയുടെ പരാമർശം. എത് സാഹചചര്യത്തിലും തിരിച്ചുവരാനുള്ള കഴിവാണ് കഴിഞ്ഞ 10 വർഷമായി ബാഴ്സിലോണയ്ക്ക് കിരീടങ്ങൾ സമ്മാനിച്ചതെന്നും പെപ് ഗ്വാർഡിയോള പറഞ്ഞു.

ബാഴ്സിലോണയുടെ നിലവിലെ പരിശീലകൻ ലൂയിസ് എൻറീക്വെയുടെ കരാർ ഈ​ സീസണോടെ അവസാനിക്കും. എൻറീക്വേയുമായിട്ടുള്ള കരാർ മാനേജ്മെന്റ് പുതുക്കിയില്ലെങ്കിൽ പുതിയ പരിശീലകൻ​ ആരാവും എന്നതിലുള്ള ആകാംഷയിലാണ് ഫുട്ബോൾ ലോകം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ