ഒരു കാലത്ത് കോഴവിവാദത്തിൽ പെട്ട് തകർന്നടിഞ്ഞതാണ് ടീം ഇന്ത്യ. അവിടെ നിന്ന് ഒത്തിണക്കമുളള കളി സംഘമായി ഇന്ത്യൻ ടീം മാറി. പിൽക്കാലത്ത് മഹേന്ദ്ര സിങ് ധോണിയാണ് ഇന്ത്യൻ ടീമിന്റെ കരുത്ത് ലോകവേദികളിൽ മികവുറ്റതാക്കിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന ഖ്യാതിക്ക് വരെ അദ്ദേഹം അർഹനായി.

ഇപ്പോഴിതാ ഇന്ത്യ തുടർവിജയങ്ങളിലൂടെ ലോകത്തെ ഏറ്റവും ശക്തരായ കളിസംഘമെന്ന ഖ്യാതി നേടിയിരിക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം സ്ഥാനം നേടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പര വിജയിച്ചതിന് പിന്നാലെയാണ് ഐസിസി ടെസ്റ്റ് ഒന്നാം സ്ഥാനക്കാർക്കുളള ചെങ്കോൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഏറ്റുവാങ്ങിയത്.

ടെസ്റ്റ് റാങ്കിങ്ങിലെ നേട്ടത്തിന് നായകൻ വിരാട് കോഹ്‌ലി പ്രശംസകൾ ഏറ്റുവാങ്ങുന്നതിനിടെയാണ് മുൻ നായകന്റെ പങ്ക് മറക്കരുതെന്ന് ചേതേശ്വർ പൂജാര ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിലെ അവിഭാജ്യ ഘടകമാണ് ചേതേശ്വർ പൂജാര ഇപ്പോൾ.

“ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് വളരെയേറെ സന്തോഷം നൽകുന്ന കാര്യമാണ്. ആത്മാർത്ഥമായ പരിശ്രമത്തിലൂടെയാണ് ഇന്ത്യ ഈ നേട്ടത്തിലേക്ക് എത്തിയത്. ധോണിയുടെയും കോഹ്‌ലിയുടെയും നായകത്വം എന്നതല്ല മറിച്ച് ഇന്ത്യയിലും പുറത്തും മികച്ച കളി പുറത്തെടുക്കാൻ ഇന്ത്യ പരിശ്രമിച്ചതിന്റെ തെളിവാണത്,” പൂജാര പറഞ്ഞു.

“ഈ ടീം കഴിഞ്ഞ രണ്ട് സീസണിലും നന്നായി കളിച്ചുവെന്നത് സത്യമാണ്. പക്ഷെ ധോണി ടീമിന് നൽകിയ പങ്ക് എന്താണെന്നത് മറക്കാൻ പാടില്ല. അദ്ദേഹത്തിന്റെ കീഴിലാണ് 2009 നവംബറിൽ ഇന്ത്യ ഒന്നാം നമ്പർ ടീമായത്. 2011 ഓഗസ്റ്റ് വരെ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടർന്നു. അന്ന് മുതൽ ആ സ്ഥാനം നിലനിർത്താൻ അശ്രാന്ത പരിശ്രമം ഓരോ ടീമംഗത്തിന്റെയും ഭാഗത്ത് നിന്നുണ്ടായി. വാണ്ടറേഴ്സിലെ മികച്ച പ്രകടനവും ഈ കൂട്ടത്തിൽ വിലയിരുത്തേണ്ടതാണ്. ടീമിന്റെ പ്രകടനം വേറെ ലെവലിൽ എത്തിയതിന്റെ തെളിവാണത്,” അദ്ദേഹം പറഞ്ഞു.

“ധോണിയെയും കോഹ്ലിയെയും നായകനെന്ന നിലയിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല. അത് പിന്നൊരിക്കലാവാം എന്നാണ് തോന്നുന്നത്. ധോണിക്ക് കീഴിൽ കളിക്കുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമായിരുന്നു. കോഹ്ലിയുടെ കാര്യത്തിലും മാറ്റമൊന്നും ഇല്ല,” അദ്ദേഹം പറഞ്ഞുനിർത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook