കരിയറിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റാന്യോ റൊണാൾഡോ തന്റെ പേരിൽ എഴുതി ചേർത്തിരുന്നു. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. ആകെ ഗോള്‍ നേട്ടത്തില്‍ പെലെയുടെ 757 ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. റൊണാൾഡോയുടെ ഗോൾ വേട്ട 758 ൽ എത്തി. എന്നാൽ ഇതിന് പിന്നാലെ വിവാദങ്ങൾക്ക് തുടക്കമിട്ട് പെലെ തന്റെ ഇൻസ്റ്റഗ്രം ബയോ അപ്ഡേറ്റ് ചെയ്തു.
ബയോയിൽ താൻ എക്കാലത്തെയും മികച്ച ഗോൾ സ്കോററായി തുടരുകയാണെന്ന് താരം അവകാശപ്പെട്ടു. ഔദ്യോഗിക കണക്കുകളിൽ തർക്കം നിലനിൽക്കുന്നതിനിടയിലാണ് പെലെയുടെ നീക്കം. ഔദ്യോഗിക കണക്കനുസരിച്ച് പെലെയുടെ അക്കൗണ്ടിൽ 757 ഗോളുകളാണുള്ളത്. എന്നാൽ 1200ലധികം ഗോൾ നേടിയിട്ടുണ്ടെന്നാണ് താരം അവകാശപ്പെടുന്നത്.
നേരത്തെ, പെലെയുടെ മറ്റൊരു റെക്കോർഡ് അർജന്റീന താരം ലയണൽ മെസി മറികടന്നിരുന്നു. ഒരു ക്ലബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് പെലെയെ മറികടന്ന് മെസി കഴിഞ്ഞ മാസം സ്വന്തമാക്കിയത്. ബാഴ്സലോണയ്ക്ക് വേണ്ടി മെസി 644 ഗോൾ നേടി. ലാ ലിഗയിൽ റയൽ വല്ലാഡോലിഡിനെതിരെയായിരുന്നു മെസിയുടെ റെക്കോർഡ് നേട്ടം. സാന്റോസിന് വേണ്ടിയാണ് പെലെ 643 ഗോളുകൾ നേടിയിട്ടുള്ളത്. 665 മത്സരങ്ങളിൽ നിന്നായിരുന്നു പെലെ ഈ റെക്കോർഡ് സ്വന്തമാക്കിയത്. അതേസമയം, മെസി 749 മത്സരങ്ങളിൽ നിന്നാണ് 644 ഗോളുകൾ നേടിയത്.