scorecardresearch
Latest News

ജയ് ഷായുടെ പ്രസ്താവന; 2023 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ എത്തുന്നതിനെ ബാധിക്കുമെന്ന് പിസിബി

ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു പോകില്ലെന്നാണ് ജയ് ഷാ വ്യക്തമാക്കിയിരുന്നു

ജയ് ഷായുടെ പ്രസ്താവന; 2023 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ എത്തുന്നതിനെ ബാധിക്കുമെന്ന് പിസിബി

പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് 2023 നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയേക്കുമെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാ യുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് (എസിസി) പ്രതികരണം അറിയിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി).

പാക്കിസ്ഥാനെതിരായ ഉഭയകക്ഷി പരമ്പരകള്‍ക്കും പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്നതിനും ബിസിസിഐക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. 2023 ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു പോകില്ലെന്നാണ് ജയ് ഷാ വ്യക്തമാക്കിയത്. ബിസിസിഐ വാര്‍ഷിക യോഗത്തിനായി മുംബൈയിലെത്തിയപ്പോഴായിരുന്നു ജയ് ഷാ നിലപാടു വ്യക്തമാക്കിയത്.

എന്നാല്‍ ഷായുടെ പ്രസ്താവനയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് പിസിബിയുടെ പ്രതികരണം. ”അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് എസിസി പ്രസിഡന്റ് ജയ് ഷാ ഇന്നലെ നടത്തിയ അഭിപ്രായത്തില്‍ പിസിബി ആശ്ചര്യവും നിരാശയും രേഖപ്പെടുത്തി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ബോര്‍ഡുമായോ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായോ ഒരു ചര്‍ച്ചയോ കൂടിയാലോചനയോ കൂടാതെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണ് അദ്ദേഹം അഭിപ്രായങ്ങള്‍ നടത്തിയത്. പിസിപി പ്രസ്താവനയില്‍ പറഞ്ഞു.

1983 സെപ്റ്റംബറില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ രൂപീകരിച്ച തത്വശാസ്ത്രത്തിനും ആത്മാവിനും വിരുദ്ധമാണ് ഇത് – അംഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഏഷ്യയില്‍ ക്രിക്കറ്റ് കളി സംഘടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് സോഷ്യല്‍ മീഡിയയിലെ കുറിപ്പില്‍ പിസിബി പറഞ്ഞു.

എന്താണ് ജയ് ഷാ പറഞ്ഞത്?

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) പ്രസിഡന്റ് കൂടിയായ ജയ് ഷാ ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നടത്താനുള്ള സാധ്യതകള്‍ കുറവാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ‘ഏഷ്യാ കപ്പ് 2023 ഒരു നിഷ്പക്ഷ വേദിയില്‍ നടക്കും. എ സി സി പ്രസിഡന്റ് എന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത്. ഞങ്ങള്‍ക്ക് (ഇന്ത്യക്ക്) അവിടെ (പാകിസ്ഥാനിലേക്ക്) പോകാന്‍ കഴിയില്ല, അവര്‍ക്ക് ഇവിടെ വരാന്‍ കഴിയില്ല. മുന്‍കാലങ്ങളിലും ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയില്‍ കളിച്ചിട്ടുണ്ട്,” മുംബൈയില്‍ നടന്ന 91-ാമത് ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിന് ശേഷം പുതിയ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ സാന്നിധ്യത്തില്‍ ഷാ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, പാകിസ്ഥാനുമായി കളിക്കുന്ന വിഷയത്തില്‍ ഒരു നയമുണ്ടെന്നും ബിസിസിഐ അത് പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഷായുടെ അടുത്തിരുന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, പാക്കിസ്ഥാനുമായി കളിക്കാന്‍ ബോര്‍ഡിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നും വ്യക്തമാക്കി. നിലവിലെ ടീം ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് 2005-06ല്‍ ഉഭയകക്ഷി പരമ്പരയ്ക്കായി ഇന്ത്യ അവസാനമായി പാക്കിസ്ഥാനില്‍ പോയത്. എന്നാല്‍ 2008 ല്‍ ഏഷ്യാ കപ്പില്‍ മത്സരിക്കുന്നതിനായി ഇന്ത്യ പാകിസ്ഥാനില്‍ എത്തിയിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Pcb jay shah asia cup statement