ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മാലിന് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിലക്ക്. വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെന്ന കാരണത്താലാണ് താരത്തിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നടപടി. മൂന്ന് വർഷത്തേക്കാണ് താരത്തിനെതിരായ അച്ചടക്ക നടപടി.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ ചട്ടപ്രകാരം ഒത്തുകളിക്ക് സമീപിച്ചാൽ ഉടൻ തന്നെ ഒരു ടീം മാനേജർക്കോ അഴിമതി വിരുദ്ധ യൂണിറ്റ് ഉദ്യോഗസ്ഥരോടോ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും താരം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്നതിന് പരാജയപ്പെട്ടാൽ താരത്തിന് പിഴയോ ആജീവനന്ത വിലക്ക് വരെയും ലഭിക്കാം.
Also Read: അന്നേ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു; തീരുമാനത്തിന് പിന്നിൽ ഓസിസ് താരമെന്ന് യുവരാജ്
നേരത്തെ ഒരു അഭിമുഖത്തിൽ രണ്ട് പന്തുകൾ കളിക്കാതിരിക്കാൻ വാതുവയ്പ്പുകാർ രണ്ടുലക്ഷം ഡോളർ വാഗ്ദാനം ചെയ്തതായി താരം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിൽ കളിക്കാതിരിക്കാൻ അവർ പണം വാഗ്ദാനം ചെയ്തതായും താരം തുറന്നുപറഞ്ഞിരുന്നു. 2015ൽ ആസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ഏകദിന ലോകകപ്പിെൻറ സമയത്താണ് വാതുവയ്പ്പുകാർ സമീപിച്ചതെന്നാണ് താരം പറഞ്ഞത്. എന്നാൽ ഇക്കാര്യം അഴിമതി വിരുദ്ധ ഏജൻസിയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.
Also Read: തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കും, വിജയത്തിന്റെ ക്രെഡിറ്റ് ടീമിനും; ധോണി നല്ലൊരു നേതാവ്
നേരത്തെ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ വാതുവയ്പ്പിൽ പങ്കാളിയാണെന്ന് കണ്ടെത്തിയ മറ്റൊരു താരത്തിന് ജയിൽ ശിക്ഷ വിധിച്ചിരുന്നു. നസീർ ജംഷദിനാണ് 17 മാസം ജയിൽ ശിക്ഷ വിധിച്ചത്. നസീർ ജംഷദിനൊപ്പം പിടിയിലായ യൂസഫ് അൻവറിന് മൂന്ന് വർഷവും മുഹമ്മദ് ഇജാസിന് നാല് വർഷവുമാണ് തടവു ശിക്ഷ. വാതുവയ്പ്പിൽ നിർമായക പങ്കു വഹിച്ചവരാണ് ഇരുവരും. നേരത്തെ ജംഷദിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പത്ത് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.