IPL 2021 PBKS vs RR: അവസാന ഓവറിൽ ത്യാഗിയുടെ മാജിക്; രാജസ്ഥാന് രണ്ട് റൺസ് ജയം

അവസാന ഓവറിൽ ഒരു റൺസ് മാത്രം വിട്ടു നൽകി രണ്ടു വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ത്യാഗിയാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്

ദുബായ്: പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് രണ്ട് റൺസ് ജയം. രാജസ്ഥാൻ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിങ്സിന് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടാനെ കഴിഞ്ഞുള്ളു. അവസാന ഓവറിൽ ഒരു റൺസ് മാത്രം വിട്ടു നൽകി രണ്ടു വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ത്യാഗിയാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.

ത്യാഗിയുടെ അവസാന ഓവറിൽ പഞ്ചാബിന് വേണ്ടിയിരുന്നത് നാല് റൺസ് മാത്രം. ആദ്യ പന്തിൽ റൺസ് നേടാൻ കഴിയാതിരുന്ന മാർക്രം രണ്ടാം പന്തിൽ ഒരു റൺ നേടി. മൂന്നാം പന്തില്‍ നിക്കോളാസ് പൂരനെ സഞ്ജുവിന്‍റെ കൈകകളിലെത്തിച്ച് ത്യാഗി പഞ്ചാബിനെ ഞെട്ടിച്ചു. പിന്നീട് ക്രീസിൽ എത്തിയ ദീപക് ഹൂഡക്ക് നാലാം പന്തില്‍ റണ്ണൊന്നും നേടാനായില്ല. അഞ്ചാം പന്തില്‍ ദീപക് ഹൂഡയെയും ത്യാഗി സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു.അവസാന പന്തിൽ ജയിക്കാൻ വേണ്ടത് മൂന്ന് റൺസ്, ക്രീസിലെത്തിയ ഫാബിയൻ അലന് റൺസ് നേടാനായില്ല. അതോടെ തോല്‍വി ഉറപ്പിച്ച മത്സരത്തിൽ ത്യാഗിയുടെ മാജിക്കിലൂടെ രാജസ്ഥാന്‍ അവിശ്വസനീയമായി ജയിച്ചു കയറി.

പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ കെഎൽ രാഹുലും മായങ്ക് അഗർവാളും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 120 റൺസാണ് കൂട്ടിച്ചേർത്തത്. നന്നായി ബാറ്റ് ചെയ്യുകയായിരുന്ന രാഹുലിനെ പന്ത്രണ്ടാം ഓവറിൽ അർദ്ധ സെഞ്ചുറിക്ക് ഒരു റൺസ് അകലെ നിൽകുമ്പോൾ ചേതൻ സകരിയ പുറത്താക്കുകയായിരുന്നു. 23 പന്തിൽ 49 റൺസുമായി കാർത്തിക് ത്യാഗിക്ക് ക്യാച്ച് നൽകിയായിരുന്നു മടക്കം.

ഒരു ഓവറിനു ശേഷം അർദ്ധ സെഞ്ചുറിയുമായി ബാറ്റ് ചെയ്തിരുന്ന മായങ്ക് അഗർവാളിനെ രാഹുൽ തേവാട്ടിയ മടക്കി. 43 പന്തിൽ 67 റൺസായിരുന്നു സമ്പാദ്യം. പിന്നീടെത്തിയ അയഡിന് മാർക്രമും നിക്കോളാസ് പൂരനും പഞ്ചാബിനെ വിജയത്തിലേത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന ഓവറിൽ ജയിക്കാൻ നാല് പന്തിൽ മൂന്ന് റൺസ് മാത്രം വേണ്ടപ്പോൾ പൂരനെ കാർത്തിക് ത്യാഗി പുറത്താകുകയായിരുന്നു. പൂരൻ 22 പന്തിൽ നിന്നും 32 റൺസും മാർക്രം 20 പന്തിൽ പുറത്താകാതെ 26 റൺസും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ 185 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. രാജസ്ഥാന്റെ യുവ താരങ്ങളായ മഹിപാൽ ലോംറോറിന്റെയും യശ്വസി ജയ്‌സ്വാളിന്റെയും ബാറ്റിങ് മികവിലാണ് ടീം ഭേദപ്പെട്ട സ്കോർ കുറിച്ചത്.

പഞ്ചാബ് കിങ്സിനായി അർശ്ദീപ് സിങ് അഞ്ച് വിക്കറ്റും മുഹമ്മദ് ഷമ്മി മൂന്ന് വിക്കറ്റും ഇഷാൻ പോറൽ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റും നേടി.

രാജസ്ഥാന് വേണ്ടി അരങ്ങേറ്റ താരം എവിൻ ലൂയിസും (21 പന്തിൽ 36) യശ്വസി ജൈസ്വാളും (36 പന്തിൽ 49) മികച്ച തുടക്കമാണ് നൽകിയത്. അഞ്ച് ഓവറിൽ നിന്നും ഇവർ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ പവർപ്ളേയിലെ അവസാന ഓവറിൽ അർശ്ദീപ് സിങ്ങിന്റെ പന്തിൽ മായങ്ക് അഗർവാളിന് ക്യാച്ച് നൽകി മടങ്ങി.

പിന്നീട് വന്ന ക്യാപ്റ്റൻ സഞ്ജു സാംസണിനെ (4) നിലയുറപ്പിക്കും മുൻപേ ഇഷാൻ പോറൽ പുറത്താക്കി. പിന്നീട് എത്തിയ ലിവിങ്സ്റ്റൺ (17 പന്തിൽ 25) റൺസെടുത്ത് പുറത്തായി. ഗംഭീരമായ ഒരു ക്യാച്ചിലൂടെ ഫാബിയൻ അലനാണ് ലിവിങ്‌സ്റ്റണിനെ മടക്കിയത്. അതിനു ശേഷം എത്തിയ മഹിപാൽ ലോംറോർ (17 പന്തിൽ 43) കൂറ്റൻ ഷോട്ടുകളിലൂടെ രാജസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചു പുറത്തായി. അർശ്ദീപിന്റെ പന്തിൽ മാർക്രത്തിന് ക്യാച് നൽകിയായിരുന്നു മടക്കം.

രാജസ്ഥാൻ നിരയിലെ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. റിയാൻ പരാഗ് ,രാഹുൽ തേവാട്ടിയ, ക്രിസ് മോറിസ് എന്നിവർ രണ്ടക്കം കാണാതെ പുറത്തായി.

Also read: IPL 2021 RR vs PBKS Live Streaming, When and where to watch: പഞ്ചാബ് കടക്കാന്‍ സഞ്ജുവും കൂട്ടരും; മത്സരം എവിടെ, എങ്ങനെ കാണാം?

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Pbks vs rr ipl 2021 cricket score online updates result highlights

Next Story
‘ഇസ്ലാം വിരുദ്ധ ഉള്ളടക്കം’; അഫ്ഗാനിസ്ഥാനിൽ ഐപിഎൽ സംപ്രേക്ഷണം നിരോധിച്ച് താലിബാൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com