ന്യൂഡല്‍ഹി: രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ പുതിയ യുഗത്തിന് തുടക്കമാകും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) ആദ്യ വനിത പ്രസിഡന്റായി ഇതിഹാസ അത്ലീറ്റ് പിടി ഉഷയെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ഉഷ ഐഒഎയുടെ തലപ്പത്തെത്തിയത്.
സുപ്രീം കോടതി നിയമിച്ച മുന്‍ സുപ്രീംകോടതി ജഡ്ജി എൽ നാഗേശ്വര റാവുവിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ മാസം തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഐഒഎയെ സസ്പെൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രതിസന്ധിക്കാണ് ഇന്ന് അവസാനമായത്.
2021 ഡിസംബറിലായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ മാസമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷയുടെ പേര് ഉയര്‍ന്ന് വന്നത്.
നിലവില്‍ ബിജെപിയുടെ നോമിനിയായ രാജ്യസഭയിലെത്തിയ ഉഷയ്ക്കെതിരെ മത്സരിക്കാന്‍ ആരും തയാറായിരുന്നില്ല. കഴിഞ്ഞ ജൂലൈയിലാണ് ഉഷ രാജ്യസഭയിലെത്തിയത്.
ഐഒഎയുടെ 95 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒളിമ്പ്യനും അന്താരാഷ്ട്ര മെഡല്‍ നേട്ടമുള്ള ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. രണ്ട് പതിറ്റാണ്ടോളം ഏഷ്യയിലെ തന്നെ മികച്ച താരമായിരുന്ന ഉഷയുടെ ജീവിതത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയാവുകയാണ് പ്രസിഡന്റ് സ്ഥാനം.
58-കാരിയായ രണ്ട് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 1984 ലോസ് എയ്ഞ്ചല്‍സ് ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.