ലണ്ടന്‍: ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ ക്ലബ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പരിശീലകന്‍ ഹോസെ മൊറീഞ്ഞോയുമായ്‌ ഇടഞ്ഞ പോഗ്ബയ്ക്ക് ആദ്യ ഇലവനില്‍ ഇടംനേടാന്‍ ആകാത്തതാണ് തീരുമാനത്തിന് കാരണം എന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016ല്‍ റിക്കോഡ്‌ തുകയായ 89 മില്യണ്‍ യൂറോയ്ക്കാണ് പോഗ്ബ ഓള്‍ഡ്‌ ട്രാഡ്ഫോര്‍ഡില്‍ എത്തുന്നത്. തന്‍റെ എജന്റ് ആയ മിനോ റയോളയോട് പോഗ്ബ ക്ലബ് മാറുന്നതിനെകുറിച്ച് സംസാരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. പോഗ്ബയുടെ മുന്‍ ക്ലബ്ബായ യുവന്‍റസ് 53മില്യണ്‍ യൂറോയ്ക്ക് കരാറില്‍ ഏര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും പോഗ്ബ അത് സ്വീകരിക്കാന്‍ സാധ്യത കുറവാണ് എന്നറിയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തന്നെയോ സ്പാനിഷ് ലീഗോ ആണ് ഇരുപത്തിനാലുകാരന്‍ ലക്ഷ്യമിടുന്നത്.

മൊറീഞ്ഞോയുമായി ഇടയുന്ന ആദ്യ താരമല്ല പോഗ്ബ. റയല്‍ പരിശീലകനായിരിക്കെ ഇകെര്‍ കാസിലസ്, സെര്‍ജിയോ റാമോസ്, പെഡ്രോ ലിയോണ്‍, പെപെ എന്നിവര്‍ക്ക് മൊറീഞ്ഞോയുമായി നിലനിന്ന അഭിപ്രായം വ്യത്യാസങ്ങള്‍ വാര്‍ത്തയായിരുന്നു. മൊറീഞ്ഞോ പരിശീലകനായതോടെ ചെല്‍സിയിലും ഈയൊരു സ്ഥിതിവിശേഷം തുടരുകയായിരുന്നു. ഡേവിഡ് ലൂയിസ്, സാമുവല്‍ എട്ടോ, വില്ല്യം ഗല്ലാസ് എന്നിവര്‍ മൊറീഞ്ഞോയുയുമായി നിരന്തരം തര്‍ക്കിച്ചിരുന്നു. മികച്ച വിജയ റിക്കോഡ്‌ നിലനില്‍ക്കുമ്പോഴും കളിക്കാരോടുള്ള പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരില്‍ ഏറെ പഴികേട്ടിട്ടുള്ള ആളാണ്‌ ഈ പോര്‍ച്ചുഗീസുകാരന്‍.

അഭ്യൂഹങ്ങള്‍ തുടരവേ ചെല്‍സിക്കെതിരായ മത്സരത്തിലെ ആദ്യ ഇലവനില്‍ പോഗ്ബ ഇടംപിടിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ