ഫുട്ബോൾ മത്സരം ആരംഭിക്കും മുൻപ് ഒരു താരത്തിന് ചുവപ്പ് കാർഡ് കിട്ടുമോ? കിക്കോഫിന് മുൻപ് റഫറിക്ക് തീരുമാനം എടുക്കാമോ? , ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ഇരിക്കുകയാണ് ഫുട്ബോൾ ആരാധകർ. യൂറോപ്പ ലീഗിൽ ഉണ്ടായ അപൂർവ നടപടിയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് സൂപ്പർ താരം പാട്രിസ് എവ്രയാണ് ഈ കഥയിലെ നായകൻ.

യൂറോപ്പ ലീഗിലെ മാഴ്സ X വിക്ടോറിയ ഗുയ്മറാസ് മത്സരത്തിന് മുൻപാണ് അപൂർവ സംഭവം. മത്സരത്തിന് മുൻപ് മാഴ്സ താരങ്ങളുടെ പരിശീലനത്തിനിടെയാണ് സംഭവം. പാട്രിസ് എവ്രയും താരങ്ങളും വാംഅപ്പ് ചെയ്യുന്നതിനിടെ വിക്ടോറിയ ആരാധകർ താരത്തെ വ്യക്തിപരമായി ആക്ഷേപിക്കുകയായിരുന്നു. മൈതാനത്തിന് തൊട്ട് പുറത്ത് നിന്ന് എവ്രയ്ക്ക് നേരെ ആരാധകൻ എന്തോ​ വിളിച്ച് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതേ തുടർന്നുണ്ടായ പ്രകോപനത്തെ തുടർന്ന് എവ്ര ആരാധകന്റെ അടുത്തേക്ക് എത്തി. ആദ്യം വാക്കേറ്റത്തിൽ ഏർപ്പെട്ടെങ്കിലും ഇതിനിടെ എവ്ര ആരാധകനെ കാൽ കൊണ്ട് തൊഴിക്കുകയും ചെയ്തു. മാഴ്സെ താരങ്ങൾ എത്തിയാണ് എവ്രയെ പിടിച്ചു മാറ്റിയത്.

തന്നെ വംശീയമായി അധിക്ഷേപിച്ചത് കൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് പാട്രിസ് എവ്ര പറഞ്ഞു. എന്നാൽ സംഘർഷത്തിന് പിന്നാലെ മോശം പെരുമാറ്റത്തിന് റഫറി ചുവപ്പ് കാർഡ് നൽകി. പാട്രിസ് എവ്രയ്ക്ക് മത്സരം കളിക്കാനും സാധിച്ചില്ല.

പരിചയ സമ്പന്നനായ പാട്രിസ് എവ്രയിൽ നിന്നും ഇത്തരത്തിലുള്ളൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാഴ്സ കോച്ച് പറഞ്ഞു. പാട്രിസ് എവ്രക്കെതിരെ കൂടുതൽ നടപടികൾ വന്നേക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ