മെല്‍ബണ്‍: ഇന്ത്യയുടെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ഏറ്റവും ശ്രദ്ധേയനായ ഓസീസ് താരമായിരുന്നു പാറ്റ് കമ്മിന്‍സ്. പന്തു കൊണ്ടും ബാറ്റുകൊണ്ടും കമ്മിന്‍സ് ഇന്ത്യക്ക് വെല്ലുവിളിയായിരുന്നു. മോശം സമയത്തിലൂടെ കടന്നു പോകുന്ന ഓസ്ട്രേലിയക്ക് സമീപ കാലത്ത് ലഭിച്ച ഏറ്റവും മികച്ച ബോളര്‍മാരിലൊരാളാണ് കമ്മിന്‍സ്. ഇപ്പോഴിതാ ഓസ്ട്രേലിയയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കമ്മിന്‍സ് വിരാമമിട്ടിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയെ പിന്തള്ളി ഐസിസിയുടെ ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് കമ്മിന്‍സ്. ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്തിന് ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഓസീസ് ബോളറായി മാറിയിരിക്കുകയാണ് കമ്മിന്‍സ്. മഗ്രാത്ത് ഒന്നാം റാങ്കിലെത്തിത് 2006 ഫെബ്രുവരിയിലായിരുന്നു.
റബാഡ ഒന്നില്‍ നിന്നും നേരെ മൂന്നിലേക്കാണ് പതിച്ചത്. രണ്ടാമതുള്ളത് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജെയിംസ് ആന്റേഴ്സണനാണ്. അതേസമയം, ഡര്‍ബണ്‍ ടെസ്റ്റിലെ വീരോചിത പ്രകടനത്തിന്റെ കരുത്തില്‍ ശ്രീലങ്കന്‍ താരം കുസാല്‍ പെരേര 58 സ്ഥാനം മുന്നോട്ട് കയറി 40-ാമതെത്തി. പെരേരയുടെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഒന്നാമത് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി തന്നെയാണ്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര മൂന്നാമതുണ്ട്.